പൂര ആവേശത്തില്‍ തൃശൂര്‍; ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി

തൃശൂര്‍: നാദവും താളവും വര്‍ണവും ലഹരിയാകുന്ന പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ആവേശത്തിലാണ് ഭക്തര്‍. കണിമംഗലം ശാസ്താവിന്റെ ആദ്യ പൂരം വടക്കുംനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. തുടര്‍ന്ന് വിവിധ ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി.

ഘടക പൂരങ്ങളില്‍ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്റേത്. വെയിലോ മഴയോ ഏല്‍ക്കാതെയായിരിക്കണം കണിമംഗലം ശാസ്താവ് പൂര സന്നിധിയില്‍ എത്താന്‍. അതിനാല്‍ തന്നെ വളരെ നേരത്തെ കണിമംഗലം ശാസ്താവിന്റെ പൂരം പുറപ്പെടും. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങുന്നതാണ്.

12 മണിയോടെ പാറമേക്കാവ് ഇറക്കി എഴുന്നള്ളിപ്പ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. 2.45ന് ശ്രീമൂല സ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് കുടമാറ്റം. പിറ്റേന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടക്കും. പകല്‍ പൂരം കൊട്ടിയവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയാണ് തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. പൂരത്തോടനുബന്ധിച്ച് സാധാരണയായി 60 ഓളം സിസിടിവികളാണ് സ്ഥാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്.

Top