പൂരങ്ങളുടെ നാടിന്റെ മനം കവർന്ന് മന്ത്രി മുഹമ്മദ് റിയാസും . . .

തൃശൂർ: പ്രതിസന്ധികളും വെല്ലുവിളികളും മറികടന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊടിയേറുമ്പോൾ, സർക്കാരിനും മന്ത്രി പി എ മുഹമ്മദ് റിയാസിനും പ്രത്യേകം നന്ദി പറയുകയാണ് പൂരപ്രേമികൾ.പൂരത്തിന്റെ നത്തിപ്പിനായി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ ദേവസ്വം പ്രതിനിധികൾ പ്രത്യേകം സ്വീകരിക്കുകയുണ്ടായി. മന്ത്രി മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ രാജനും ജില്ലാ കളക്ടറും വിവിധ ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും പങ്കെടുത്തുകൊണ്ട് പൂരം നടത്തിപ്പിൻറെ ഒരുക്കങ്ങളും വിലയിരുത്തുകയുണ്ടായി. പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾക്കായി ടൂറിസം വകുപ്പ് 15 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വാച്ച് ടവർ, ബാരിക്കേഡ്, വിഐപി പവലിയൻ, പോലീസ് കൺട്രോൾ റൂം, മീഡിയ പവലിയൻ, റാംപ്, മെഡിക്കൽ എയ്ഡ് പോസ്റ്റ് തുടങ്ങിയവയും നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട പരിശോധനയും മന്ത്രി റിയാസ് നടത്തുകയുണ്ടായി.

തുടർന്ന് തിരുവമ്പാടി, പാറമ്മേക്കാട് ദേവസ്വം ഓഫീസുകളും മന്ത്രി റിയാസും റവന്യൂ മന്ത്രി രാജനും സന്ദർശിച്ചു. പൂരത്തിന് പിന്തുണ നൽകിയ സർക്കാരിനും മന്ത്രിമാർക്കും രണ്ട് ദേവസ്വം പ്രതിനിധികളും പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്.

വടക്കുംനാഥ ക്ഷേത്ര നട സന്ദർശിച്ച മന്ത്രിയെ അവിടെ ഒരുക്കിയ വേദിയിൽ വച്ച് ദേവസ്വം ഭാരവാഹികൾ സ്വീകരണം നൽകുകയും ചെയ്തു. മുൻപൊരിക്കലുമില്ലാത്ത വിധം ടൂറിസം പൊതുമരാമത്ത് വകുപ്പുകൾ പൂരത്തിന് വേണ്ടി പ്രത്യേകം പ്രവർത്തിക്കുന്നതിനെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രതിനിധികളും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. മന്ത്രി റിയാസിനു പ്രത്യേക ആദരവ് നൽകാനും അവർ മറന്നില്ലന്നതും ശ്രദ്ധേയമാണ്.

പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലാകാരന്മാരെയും മറ്റ് തൊഴിലിൽ ഏർപ്പെട്ടവരെയും ആദരിച്ചതിന് ശേഷമാണ് മന്ത്രി റിയാസ് അവിടെ നിന്നും മടങ്ങിയത്. മന്ത്രിയുടെ പിന്തുണ ഇത്തവണത്തെ പൂരത്തിന് കൂടുതൽ ആവേശം നൽകുകയാണെന്നാണ് ദേവസ്വം പ്രതിനിധികൾ പ്രതികരിച്ചിരിക്കുന്നത്.

Top