കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

തൃശൂർ: കാലാവസ്ഥ അനുകൂലമായാൽ മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. വ്യാഴാഴ്ച നഗരത്തിൽ മഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്​ പരിഗണിച്ചുമാണ് തീരുമാനം. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​.

പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണ മാറ്റിവച്ചത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു.

കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും തൃശൂർ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കുശേഷം നടന്ന പൂരം കാണാൻ പതിനായിരങ്ങളാണ് പൂരനഗരയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽവില്ലനായി അവതരിച്ച മഴ പൂരപ്രേമികളെ നിരാശയിലാക്കി. കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. എന്നാൽ പൂരത്തിൻ്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുട‍ർന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.

Top