തൃശൂര്‍ പൂര മഹോത്സവത്തിന് തുടക്കം

തൃശൂര്‍: നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നളളിയതോടെ തൃശൂര്‍ പൂര മഹോത്സവത്തിന് തുടക്കമായി. 11.45ഓടെ ആചാരപെരുമയില്‍ ഗോപുര നട തുറന്ന് ഗജരാജന്‍ എറണാകുളം ശിവകുമാര്‍ തിടമ്പേറ്റിയ നെയ്തലക്കാവ് ക്ഷേത്രത്തിലെ എഴുന്നളളത്ത് പുറത്തെത്തി. 36 മണിക്കൂര്‍ നീളുന്ന പൂരാഘോഷത്തിന് ഇതോടെ തുടക്കമായി.

ക്ഷേത്ര അധികൃതരും മേളക്കാരും മാദ്ധ്യമ പ്രവര്‍ത്തകരുമടക്കം ചുരുക്കം ജനം മാത്രമാണ് ക്ഷേത്ര നടയിലുണ്ടായിരുന്നത്. സാധാരണ ക്ഷേത്രനട ജനസാഗരമാകുന്ന ചടങ്ങ് ഇത്തവണ കൊവിഡ് സാഹചര്യം കാരണം പ്രോട്ടോകോള്‍ പാലിച്ചാണ് ലളിതമാക്കിയത്.

പൂരത്തിന് മുന്‍പുളള സാമ്പിള്‍ വെടിക്കെട്ടും ഇന്നലെ പ്രതീകാത്മകമായാണ് നടന്നത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ ഓരോ കുഴിമിന്നല്‍ മാത്രമാണ് പൊട്ടിച്ചത്. ഇരു ദേവസ്വങ്ങള്‍ക്കും പുറമേ എട്ടോളം ഘടക പൂരങ്ങളാണ് തൃശൂര്‍ പൂരത്തിലുളളത്. ഇവര്‍ക്കും ഓരോ ആനകള്‍ വീതമാകും ഇത്തവണ എഴുന്നളളത്തിനുണ്ടാകുക. ഓരോ ക്ഷേത്രത്തിനൊപ്പവും 50 ഓളം സംഘാടകരാകാം. എന്നാല്‍ പൂരപ്പറമ്പില്‍ നില്‍ക്കുന്നവരെല്ലാം ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായവരോ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരോ ആകണം.

 

Top