തൃശൂര്‍ പൂരം തടസപ്പെടുത്തല്‍; പത്മജ വേണുഗോപാല്‍ നാളെ ഉപവസിക്കും

തൃശൂര്‍: തൃശൂര്‍ പൂരം തടസപ്പെടുത്തുന്നതിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാല്‍ തിങ്കളാഴ്ച ഉപവാസ സമരമനുഷ്ഠിക്കും. തെക്കേഗോപുര നടയില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഉപവാസം.

കക്ഷി രാഷ്ട്രീയത്തിനും ജാതിഭേദങ്ങള്‍ക്കുമതീതമായി തൃശൂരിന്റെ പൈതൃകവും പാരമ്പര്യവുമാണ് പൂരം. ഒരു ഭാഗത്ത് പൂരം ചടങ്ങുകളോടെ നടക്കുമെന്ന് പറയുകയും മറുഭാഗത്ത് ഓരോ കാരണങ്ങള്‍ പറഞ്ഞ് പൂരം തടസപ്പെടുത്താനും ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിന് പിന്നില്‍.

മുഖ്യമന്ത്രിയോ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരോ ഒരു ഇടപെടലും നടത്തുന്നില്ല. തൃശൂര്‍ ജനതയുടെ ഹൃദയ വികാരത്തിനൊപ്പമാണ് യു.ഡി.എഫ്. പൂരം തടസപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരേണ്ടതുണ്ടെന്നും തൃശൂരിനൊപ്പമാണ് യു.ഡി.എഫെന്നും ഡി.സി.സി പ്രസിഡണ്ട് എം.പി. വിന്‍സെന്റ് അറിയിച്ചു.

 

Top