പൂരാവേശത്തിൽ തൃശ്ശൂർ; ഘടക പൂരങ്ങൾ വരവ് ആരംഭിച്ചു; കുടമാറ്റം അഞ്ച് മണിക്ക്

തൃശ്ശൂർ: ശക്തന്റെ തട്ടകമിന്ന് പൂരാവേശത്തിൽ. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിൻറെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിയിലേക്കെത്തും. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് പൂരം ചടങ്ങുകൾ.

കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തിൽ നാലായിരം പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പനമുക്കംന്പള്ളിയും, ചെന്പൂക്കാവും, കാരമുക്കും, ലാലൂരും, ചൂരക്കോട്ട് കാവും, അയ്യന്തോളും ഏറ്റവും ഒടുവിൽ നെയ്തലക്കാവും വടക്കുന്നാഥ സന്നിധിയിലെത്തും. പതിനൊന്നരയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. രണ്ടുമണിയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലരയോടെ തിരുവന്പാടിയും പാറമേക്കാവും തെക്കോട്ടിറങ്ങും. അഞ്ചുമണിയ്ക്കാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം.

ഇക്കുറി തൃശൂർ പൂരത്തിന് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ആദിത്യ പറഞ്ഞു. നാലായിരം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയതായും കമ്മീഷ്ണർ പറഞ്ഞു.

Top