thrissur-poor4am-fire-crack-youth-accident

തൃശൂര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കനത്ത സുരക്ഷയില്‍ നടന്ന തൃശൂര്‍ പൂരം വെടിക്കെട്ടില്‍ യുവാവിന് പരിക്കേറ്റു.

തിരുവമ്പാടിയുടെ വെടിക്കെട്ട് നടക്കവെ പുലര്‍ച്ചെ നാലരയോട് കൂടിയാണ് അപകടം.

വെടിക്കെട്ട് നടന്ന തേക്കിന്‍കാട് മൈതാനത്തിന് താഴെ റോഡില്‍ നിന്നിരുന്ന പീച്ചി കമ്പനിപ്പടി സ്വദേശി ക്രിസ്റ്റി (23) നാണ് പരിക്കേറ്റത്.

അമിട്ട് പൊട്ടിയതിന്റെ ഭാഗമായുണ്ടായ പ്രകമ്പനത്തില്‍ കല്ല്‌തെറിച്ചാണ് പരിക്കേറ്റത്.

ഇടതുകണ്ണിന്റെ താഴെ ഗുരുതരമായി പരിക്കേറ്റതിനാല്‍ രണ്ട് സ്റ്റിച്ച് ഇടേണ്ടിവന്നു. അല്പം മാറിയിരുന്നെങ്കില്‍ യുവാവിന് കണ്ണ് തന്നെ നഷ്ടപ്പെടുമായിരുന്നു.

അപകടം സംഭവിച്ച ഉടനെ സമീപത്തുണ്ടായിരുന്നവര്‍ ക്രിസ്റ്റിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ പൂരം നടത്തിപ്പുകാരില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.

ഒടുവില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ‘വോട്ട് ബാങ്ക്’ നഷ്ടപ്പെടുമെന്ന ഭീതിയില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള ഉന്നതര്‍ നേരിട്ട് തൃശൂരില്‍ എത്തിയാണ് പൂരം നടത്തിപ്പിന് ‘സുഗമമായ’ കളമൊരുക്കിയത്.

വെടിക്കെട്ടിനും ആനയുടെ എഴുന്നള്ളത്തിനും അധികൃതര്‍ ഏര്‍പ്പെടുത്തിയ കര്‍ക്കശ നിയന്ത്രണത്തില്‍ വലിയ ഇളവ് വരുത്തിയാണ് പൂരം സാധാരണ ഗതിയില്‍ തന്നെ നടത്താന്‍ സര്‍ക്കാര്‍ എല്ലാവിധ അനുമതിയും നല്‍കിയത്.

രാത്രികാല വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതിയും പിന്നീട് തൃശൂര്‍ പൂരവെടിക്കെട്ടിന് അനുവാദം നല്‍കിയിരുന്നു.

ഒരു അപകടവുമില്ലാതെ വെടിക്കെട്ട് നടത്തുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൂരം കാണാനെത്തിയ യുവാവിന് ഭാഗ്യം കൊണ്ട് മാത്രമാണ് കണ്ണ് നഷ്ടപ്പെടാതിരുന്നത്.

Top