പൂരനാട്ടിലെ വീട്ടമ്മയ്ക്ക് തിരുവോണം ബംബര്‍; 10 കോടി സ്വന്തമാക്കി അടാട്ട് സ്വദേശി വല്‍സല

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വല്‍സലയ്ക്ക്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംബറടിച്ചത്. വല്‍സലയ്ക്ക് ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റ് രവിക്ക് ഒരു കോടി രൂപയും കിട്ടും.

250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരുന്നത്. ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കുമാണ് ലഭിക്കുന്നത്. കൂടാതെ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമായിരിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍.

Top