മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജെൻഡർ പൊളിറ്റിക്സ് ക്ലാസ്; പരിപാടിക്കെതിരെ വിമര്‍ശനം

തൃശ്ശൂർ: ജെൻഡർ പൊളിറ്റിക്സ് വിഷയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ മറകെട്ടി ക്ലാസെടുത്ത സംഭവത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മുജാഹിദ് വിസ്ഡം ഗ്രൂപ്പിൻറെ നടത്തിയ പരിപാടിയാണ് വിവാദത്തിലായത്. സംഭവത്തിൽ ധാർമ്മികമായ തെറ്റില്ലെന്ന് സംഘാടകർ പറയുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

ജൂലൈ ആറിന് മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാ‍ർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. ലൈംഗീക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മുജാഹിദ് വിസ്ദം ഗ്രൂപ്പിൻറെ തന്നെ വിദ്യാർത്ഥി സംഘടന നേതാക്കളും, അൺമാസ്കിംഗ് എത്തീയിസം എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനുകളുമായ ഡോക്ടർ അബ്ദുല്ല ബാസിൽ, സുഹൈൽ റഷീദ് എന്നിവരാണ് ക്ലാസ് എടുത്തത്.

ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം മറതിരിച്ച് ഇരുത്തി ലിംഗവിവേചനത്തെ കുറിച്ച് എടുത്ത ക്ലാസിൻറെ ചിത്രം ഇയാൾ തന്നെ പങ്കുവച്ചതോടെ വലിയ ചർച്ചയായി.ലിംഗ വേർതിരിവില്ലാതെ മനുഷ്യരെ ചികിത്സിക്കുമെന്ന് പ്രതിജ്ഞ ചെയ്യേണ്ട എംബിബിഎസ് വിദ്യാർത്ഥികളുടെ ഈ ക്ലാസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

വിസ്ഡം ഗ്രൂപ്പിൻ്റെ തന്നെ വിദ്യാർത്ഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. മറകെട്ടിയ വിവാദം കത്തുമ്പോഴും അതിലൊരു തെറ്റുമില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. അതേസമയം തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയനും പരിപാടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Top