തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം : ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ടി എന്‍ പ്രതാപന്‍ എംപി. ജില്ലയില്‍ ബിജെപി ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് കണ്ടപ്പോള്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. അത് തൃശ്ശൂരില്‍ വിലപ്പോവില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ആര്‍എസ്എസ്, പിഎഫ്‌ഐ വര്‍ഗീയതക്കെതിരെ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ കെ അനീഷിനെ തനിക്ക് നേരെ ചാണകവെള്ളം തളിക്കാന്‍ ടി എന്‍ പ്രതാപന്‍ വെല്ലുവിളിക്കുകയും ചെയ്തു. ശരീരത്തിന് മീന്‍ മണമുള്ളവനാണ് താന്‍. ചാണകം മെഴുകിയ തറയില്‍ കിടന്നിട്ടുമുണ്ട്. നിങ്ങള്‍ പറയുന്ന സ്ഥലത്തു വരാമെന്നും വെല്ലുവിളിക്കുന്നുവെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി തേക്കിന്‍കാട് മൈതാനത്തിലെ ആല്‍മരത്തിന്റെ ശിഖിരം മുറിച്ചുമാറ്റിയതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെളളം തളിക്കാനും ശ്രമിച്ചു. ഇത് കെ കെ അനീഷിന്റെ നേതൃത്വത്തിലുളള ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.

ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഭൂരിപക്ഷ വര്‍ഗീയതയ്ക്കും പിഎഫ്‌ഐ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരാണ് കോണ്‍ഗ്രസ്. പണ്ട് കാലത്തെ തേജസ് പത്രത്തിന്റെ എഡിഷന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും സൗജന്യമായി നല്‍കുന്ന ഒരു ഫോട്ടോ കാണിച്ചുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന വക്താവ് വര്‍ഗീയ ഫാസിസവുമായി വന്നിരിക്കുന്നത്. ഫോട്ടോ കാണിച്ച് നിരോധിത സംഘടനകളുമായി ബന്ധമെന്ന് പറയുന്നത് പാപ്പരത്തമാണ്. തൃശൂരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നോക്കേണ്ട അത് നടക്കില്ലെന്നും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും ടി എന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.

Top