നഗരഹൃദയം കണ്ടെയന്റ്‌മെന്റ് സോണ്‍; തൃശൂര്‍ നഗരം ഭാഗികമായി അടച്ചു

ഗരഹൃദയമായ തേക്കിന്‍ക്കാട് ഡിവിഷന്‍ കണ്ടെയന്റ്‌മെന്റ് സോണായതിനെ തുടര്‍ന്ന് തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. നിയന്ത്രിതമേഖലയില്‍ നിന്ന് യാത്രക്കാരെ കയറ്റിയ കുന്നംകുളത്തെ സ്വകാര്യ ബസിനും അഞ്ചു ഓട്ടോറിക്ഷകള്‍ക്കും എതിരെ കേസെടുത്തു.

തൃശൂര്‍ കോര്‍പറേഷനിലെ ഏഴു ഡിവിഷനുകള്‍ ഇനിയുള്ള ഏഴു ദിവസം നിയന്ത്രിതമേഖലയാണ്. കുന്നംകുളം നഗരസഭയിലെ ആറു വാര്‍ഡുകളും കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കടകള്‍ അടച്ചിടും.

പ്രധാന റോഡുകള്‍ ഒഴികെ ചെറിയ വഴികളെല്ലാം അടച്ചു. ശക്തന്‍ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകളിലും സാമൂഹിക അകലം പാലിക്കണം. നിയന്ത്രിതമേഖലയിലൂടെ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഓട്ടോകളും ഇവിടെ നിന്ന് യാത്രക്കാരെ കയറ്റരുത്. ഈ നിര്‍ദ്ദേശം ലംഘിച്ച് യാത്രക്കാരെ കയറ്റിയ കുന്നംകുളത്തെ സ്വകാര്യ ബസും അഞ്ചു ഓട്ടോറിക്ഷകളുമാണ് പൊലീസ് പിടികൂടി കേസെടുത്തത്. ജുലൈ അഞ്ചു വരെ ഈ നിയന്ത്രണം തുടരും. ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ സിറ്റി പൊലീസ് പരിശോധന കര്‍ശനമാക്കി.

നഗരപ്രദേശങ്ങളിലൂടെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തുകയും ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആളുകള്‍ കൂടിയ പ്രദേശങ്ങളാണ് നിയന്ത്രിത മേഖലയായത്.

Top