‘Thrissivaperoor Kliptham’ – Fun film

മ്മേന്‍ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാന്‍ഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറില്‍ ഫരീദ്ഖാനും ഷലീല്‍ അസീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് തൃശിവപേരൂര്‍ ക്ലിപ്തം.

തൃശൂരിന്റെ ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പൂര്‍ണമായും നര്‍മമുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

തൃശൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന തന്റേടിയായ ഒരു പെണ്‍കുട്ടിയെ വ്യത്യസ്ത സ്വഭാവക്കാരായ നാലുപേര്‍ പ്രണയിക്കുന്നതോടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

തൃശൂര്‍ നഗരത്തിലെ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലുള്ള കിടമത്സരവും ഈ ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്.

ഡേവിഡ് പോളി, മിലിട്ടറിയില്‍നിന്നും വോളന്ററി റിട്ടയര്‍മെന്റു വാങ്ങിയ കാര്‍ഗില്‍ ബാഹുലേയന്‍, ഫിലിപ്പ് കണ്ണടക്കാരന്‍ എന്നിവരാണ് ഒരു ഗ്രൂപ്പിലുള്ളത്.

ഈ സംഘത്തിലേക്ക് നാട്ടുമ്പുറത്തുകാരനും സാധുവുമായ ഒരു മേനോന്‍കുട്ടി, ഗിരിജാ വല്ലഭനെന്ന ഗിരി എത്തുന്നതോടെ പുതിയ വഴിത്തിരിവുകളും ഉണ്ടാകുന്നു.

ചെമ്പാടന്‍ ജ്വല്ലറിയുടമ ജോയിയുടെ നേതൃത്വത്തിലുള്ളതാണു മറ്റൊരു സംഘം. അടിപൊളി പീറ്റര്‍, പുളിക്കലെ സോമന്‍ എന്നിവരാണ് ഈ സംഘത്തിലെ മറ്റംഗങ്ങള്‍.

ഈ നഗരത്തിലെ പ്രധാന ആചാരങ്ങളുടെ പേരിലാണ് ഇവരുടെ തര്‍ക്കം നിലനില്‍ക്കുന്നത്.

ഇതിന്റെപേരില്‍ പരസ്പരം ചെളിവാരിയെറിയുകയും പരസ്പരം പാരപണിയുകയും ചെയ്തുപോന്നു. ഇതിനിടയിലാണ് ഗിരിയുടെ സാന്നിധ്യത്തിലൂടെ പുതിയ തലങ്ങള്‍ സിനിമയ്ക്ക് കൈവരുന്നത്.

നവാഗതനായ രതീഷ് കുമാര്‍ ആണ് ചിത്രം സംവിധാനംചെയ്യുന്നത്.

ആസിഫ് അലി ഗിരിയെ അവതരിപ്പിക്കുന്നു. ആരോടും പ്രണയം തോന്നാത്ത ഭഗീരഥി എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ അപര്‍ണാ ബാലമുരളി അവതരിപ്പിക്കുന്നു.

ചെമ്പന്‍ വിനോദ് ജോസ്, ഇര്‍ഷാദ്, ഡോ. റോണി രാജ് എന്നിവര്‍ ഡേവിഡ് പോളി ഗ്രൂപ്പിനെയും ബാബുരാജ്, വിജയകുമാര്‍, പ്രശാന്ത്, ബാലാജി എന്നിവര്‍ ചെമ്പന്‍ ഗ്രൂപ്പിനെയും പ്രതിനിധീകരിക്കുന്നു.

സുധീഷ്, ടി.ജി. രവി, ശ്രീജിത് രവി, സുനില്‍ സുഗത, ജയരാജ് വാര്യര്‍, സജിതാ മഠത്തില്‍, പാര്‍വതി, നീരജ രാജേന്ദ്രന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

പി.എസ്. റഫീഖിന്റേതാണു തിരക്കഥ. ഗാനങ്ങള്‍-ഹരി നാരായണന്‍, പി.എസ്. റഫീഖ്, സംഗീതം- ബിജിപാല്‍.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- വിനീഷ് ബംഗ്ലാന്‍. വൈറ്റ് സാന്‍ഡ് മീഡിയ ഹൗസാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Top