പ്രഖ്യാപനമില്ലാതെ ഗറില്ലകളെപ്പോലെ തൃപ്തി മടങ്ങിയെത്തും ; നെഞ്ചിടിപ്പോടെ സര്‍ക്കാരും സമരക്കാരും

കൊച്ചി: ഇനി പ്രഖ്യാപനമില്ലാതെ ഗറില്ലകളെപ്പോലെ എത്തുമെന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വാക്കുകളില്‍ നെഞ്ചിടിപ്പോടെ സര്‍ക്കാരും സമരക്കാരും. രഹ്ന ഫാത്തിമക്ക് നല്‍കിയ സംരക്ഷണം തൃപ്തിദേശായിക്കും അഞ്ചു വനിതാ പ്രവര്‍ത്തകര്‍ത്തകര്‍ക്കും പോലീസ് നല്‍കിയിരുന്നെങ്കില്‍ രംഗം മറ്റൊന്നാകുമായിരുന്നു.

പോലീസ് സംരക്ഷണം നല്‍കാതിരുന്നതിനാലാണ് ഇന്ന് തൃപ്തിദേശായിക്ക് 12 മണിക്കൂര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടി മടങ്ങേണ്ടി വന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തിന് തൃപ്തി ദേശായിക്കുവേണ്ടി ഹൈക്കോടതിയെ സമീപിക്കാന്‍ മൂന്ന് വനിതാ അഭിഭാഷകര്‍ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതി അനുകൂല ഉത്തരവ് നല്‍കിയാല്‍ പോലീസ് വാഹനവും സംരക്ഷണവും നല്‍കി തൃപ്തിയെ ശബരിമലയില്‍ എത്തിക്കേണ്ടിവരും.

അയ്യായിരം വനിതകളാണ് തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡിലുള്ളത്. അലിദര്‍ഗയിലും ശനി ശിഖ്‌നാപൂരിലും പ്രവേശന നടത്തിയ തൃപ്തിക്ക് ഭീഷണികളെയും എതിര്‍പ്പുകളെയും അതിജീവിച്ച പാരമ്പര്യമാണുള്ളത്. ശനി ശിഖ്‌നാപൂരില്‍ തടഞ്ഞാല്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങാന്‍ പ്ലാനിട്ട തൃപ്തി ശബരിമലയില്‍ പ്രഖ്യാപനം നടത്താതെ ഗറില്ലാ മുറയില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്നതാണ് സമരക്കാരുടെ മുന്നിലെ വലിയ വെല്ലുവിളി.

ഭക്തിയുടെ പേരില്‍ ഗുണ്ടാ പ്രവര്‍ത്തനമാണ് കൊച്ചിയില്‍ നടത്തിയതെന്നും പ്രതിഷേധക്കാരെ ഭയന്നല്ല മടക്കമെന്നുമാണ് തൃപ്തി പറഞ്ഞത്. ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന പോലീസിന്റെ അഭ്യര്‍ത്ഥനയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതില്‍ നിയമനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമാണ് തൃപ്തിയെ മടങ്ങാനുള്ള തീരുമാനമെടുപ്പിച്ചത്.

ടാക്‌സി നല്‍കാതെയും ഹോട്ടലില്‍ മുറി നല്‍കാതെയും അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതുവരെ സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം സര്‍ക്കാരിന്റെ സമവായ നീക്കത്തിന്റെ ഫലമാണ്.

Top