തൃപ്പൂണിത്തുറ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ, യു.ഡി.എഫ് ക്യാംപിൽ ആശങ്ക, ഇടതിന് ആവേശം

ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ ഏറ്റവും വലിയ നഷ്ട്ടം തൃപ്പൂണിത്തുറയിലെ പരാജയമാണ്. ഇവിടെ നിന്നും സ്വരാജ് ജയിച്ചിരുന്നെങ്കിൽ തീർച്ചയായും നിയമസഭയ്ക്ക് മികച്ച ഒരു സാമാജികനെ നഷ്ടപ്പെടില്ലായിരുന്നു. കേവലം 992 വോട്ടുകൾക്ക് മാത്രമാണ് സ്വരാജിന് മണ്ഡലം കൈവിട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബാബുവിന്റെ വിജയം തികച്ചും സാങ്കേതികം മാത്രമാണെന്നും ‘അയ്യപ്പന്റെ’ പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയതു കൊണ്ടാണ് കഷ്ടിച്ച് അദ്ദേഹം വിജയിച്ചതെന്നാണ് സി.പി.എം വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വരാജ് പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഈ കേസിൽ സ്വരാജിനും സി.പി.എമ്മിനും പ്രതീക്ഷക്ക് വക നൽകുന്ന നിലപാടാണിപ്പോൾ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നാണ് ഹൈക്കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കെ ബാബു നല്‍കിയ കവിയറ്റ് തള്ളിയാണ് ഹൈക്കോടതി ഈ സുപ്രധാന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

സിറ്റിംഗ് എം.എൽ.എ കെ.ബാബുവിനെ സംബന്ധിച്ചും യു.ഡി.എഫിനെ സംബന്ധിച്ചും ഏറെ ആശങ്കപ്പെടുത്തുന്ന തീരുമാനമാണിത്. എത്ര വൈകി അന്തിമ വിധി വന്നാലും സ്വരാജ് വിജയിക്കുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ ആത്മവിശ്വാസം. അങ്ങനെ സംഭവിച്ചാൽ അതോടെ നിയമസഭയിൽ ഇടതുപക്ഷം സെഞ്ചുറിയാണ് നേടുക. നിലവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സ്വരാജിന് അനുകൂലമായ കോടതി വിധി ഉണ്ടായാൽ അദ്ദേഹം മന്ത്രിസഭയിൽ എത്താനുള്ള സാധ്യതയും കൂടുതലാണ്. സി.പി.എം അണികളും അത് ശരിക്കും ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭയിൽ ഏറ്റവും ശ്രദ്ധേയനായ പ്രകടനം കാഴ്ചവച്ച എം.എൽ.എ ആയിരുന്നു എം. സ്വരാജ്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിപക്ഷത്തെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു എന്ന കാര്യത്തിൽ യു.ഡി.എഫ് നേതാക്കൾക്കു പോലും സംശയം ഉണ്ടാകുകയില്ല. സ്വരാജിനെ കോടതി വിജയിയായി പ്രഖ്യാപിക്കാതെ ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരിക്കിയാലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ നിന്നും വിജയിക്കുക യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ പ്രയാസകരമാകും. സ്വരാജിനെതിരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനും, കോൺഗ്രസ്സ് ശരിക്കും വിയർക്കുക തന്നെ ചെയ്യും.

ഈ യാഥാർത്ഥ്യം തിരിച്ചറിയുന്ന കെ ബാബുവും കോൺഗ്രസ്സ് നേതാക്കളും സുപ്രീം കോടതിയിൽ നിന്നും അഭിഭാഷകനെ വരുത്തി ആയാൽ പോലും ശക്തമായ പ്രതിരോധം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് നിന്നും ഒരു സിറ്റിംഗ് സീറ്റ് നഷ്ടമായാൽ അത് മുന്നണിയുടെ ആത്മവിശ്വാസത്തെ തന്നെ തകർക്കുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്.

തൃപ്പൂണിത്തുറയിലേതു പോലെ തന്നെ പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജിയും യു.ഡി.എഫ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. മേയ് 22 ന് വീണ്ടും ഇതു സംബന്ധമായ കേസ് ഹൈക്കോടതി പരിഗണിക്കും. പെരിന്തൽമണ്ണ സിറ്റിംഗ് എം.എൽ.എ ആയ മുസ്ലീംലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായ കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സജീവ പരിഗണനയിലുള്ളത്.

മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ട് തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. വിവാദമായ ഈ കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയതായി അടുത്തയിടെ കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണ സംഘം ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് ഇവ പരിശോധിക്കാൻ കക്ഷികൾക്ക് കോടതി അനുമതിയും നൽകിയിരുന്നു.

ഈ പെട്ടിയും തെരഞ്ഞെടുപ്പ് രേഖകളും പൂട്ടി മുദ്രവെച്ചശേഷം ഹൈകോടതിയിൽ തന്നെയാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഇവയുടെ പരിശോധനയടക്കമാണ് ഇനി കേസിൽ വാദം കേൾക്കുന്നതിന്റെ ഭാഗമായി ഉണ്ടാകാൻ പോകുന്നത്. രേഖകൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും തീർച്ചയായും ഹൈക്കോടതിക്ക് പരിഗണിക്കേണ്ടതായി വരും.

പെരിന്തൽമണ്ണയിലും തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്നതാണ് ഇടതു സ്ഥാനാർത്ഥിയുടെ ആവശ്യം. ഇനി കോടതി ഉപതിരഞ്ഞെടുപ്പിന് നിർദ്ദേശിച്ചാലും പാർട്ടി സ്വാഗതം ചെയ്യുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. അതായത് തൃപ്പൂണിത്തുറയായാലും പെരിന്തൽമണ്ണയായാലും ഇടതുപക്ഷം ആഗ്രഹിക്കുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ അയോഗ്യത മാത്രമാണ്. ഉപതിരഞ്ഞെടുപ്പ് രണ്ടിടത്ത് വന്നാലും നിഷ്പ്രയാസം വിജയിക്കുമെന്നതാണ് സി.പി.എം കണക്ക് കൂട്ടൽ…

EXPRESS KERALA VIEW

Top