കൊറോണ വാക്‌സിനുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൊള്ളയടിച്ചു; ബിജെപി നേതാവ്

കൊല്‍ക്കത്ത:കൊവിഡ് വാക്‌സിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും നരേന്ദ്രമോദി സൗജന്യമായി അയച്ച കൊവിഡ് വാക്സിന്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൊള്ളയടിച്ചെന്നും തൃണമൂല്‍ എം.എല്‍.എമാരും ഗുണ്ടകളും വാക്സിന്‍ എടുത്തെന്നും വര്‍ഗിയ ആരോപിച്ചു. ബംഗാളിലേക്ക് കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് കൊവിഡ് 19 വാക്സിന്‍ അയച്ചിട്ടില്ലെന്ന് മമത ബാനര്‍ജി പറഞ്ഞതിന് പിന്നാലെയാണ് വിജയവര്‍ഗിയ രംഗത്തെത്തിയത്.

‘കൊറോണ വൈറസ് വാക്സിനുകള്‍ കൊള്ളയടിച്ചു! കൊറോണ പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യ കൊവിഡ് 19 വാക്സിന്‍ അയച്ചു. പശ്ചിമ ബംഗാളില്‍ ടി.എം.സി എം.എല്‍.എമാര്‍ക്കും ഗുണ്ടകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി. മോദിജി കുറച്ച് വാക്സിനുകള്‍ മാത്രമാണ് അയച്ചതെന്ന് മമതാജി അവകാശപ്പെടുന്നു. മമതാജി ലജ്ജ തോന്നുന്നു! ”വിജയവര്‍ഗിയ ട്വീറ്ററില്‍ കുറിച്ചു.

ശനിയാഴ്ചയാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് രാജ്യത്ത് തുടക്കമായത്. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്.എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാറിനാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്ടറായ രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.

Top