ത്രില്ലര്‍ ചിത്രം ‘മിഷന്‍-സി’ ഒടിടി റിലീസിന് ഒരുങ്ങുന്നു

പ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍-സി എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയറ്റര്‍ റിലീസ് എന്ന തീരുമാനം മാറ്റുകയാണെന്നും ഒടിടി റിലീസ് തീയതി വൈകാതെ അറിയിക്കുമെന്നും വിനോദ് ഗുരുവായൂര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘മിഷന്‍ സി തിയറ്റര്‍ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ആ കാത്തിരിപ്പ് എത്ര നാള്‍ എന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ. ഞങ്ങളും ഒടിടിയിലേക്ക് മാറുകയാണ്. സെന്‍സര്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടെയും സപ്പോര്‍ട്ട് വേണം’, വിനോദ് ഗുരുവായൂര്‍ പറയുന്നു.

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിഷന്‍-സി. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്.

മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജിശര്‍മ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും ഇതില്‍ കഥാപാത്രങ്ങള്‍ ആകുന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ ഇതില്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രാമക്കല്‍മേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

Top