ഐഎസ്എല്ലിലെ അവസാന മത്സരത്തില്‍ ആവേശ സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ്

പനാജി: ഐഎസ്എല്ലില്‍ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അടിക്കും തിരിച്ചടിക്കുമൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആവേശ സമനില(4-4). നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച മഞ്ഞപ്പടയെ രണ്ടാംപകുതിയിലെ നാലടിയില്‍ എഫ്‌സി ഗോവ വിറപ്പിച്ചെങ്കിലും അവസാന മിനുറ്റുകളിലെ അവിശ്വസനീയ തിരിച്ചുവരവില്‍ സമനില സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്. ഗോവയുടെ കബ്രേര ഹാട്രിക് തികച്ചപ്പോള്‍ ഇരു ടീമും മത്സരത്തില്‍ നാല് ഗോള്‍ വീതം നേടി. എട്ട് ഗോളുകളാണ് ഇരു ടീമുകളും കൂടി അടിച്ചു നേടിയത്.

ജോര്‍ജ് ഡയസിന്റെ ഇരട്ടഗോളില്‍ ബ്ലാസ്‌റ്റേഴ്‌സായിരുന്നു ആദ്യപകുതിയില്‍ മുന്നിട്ടു നിന്നത്. എന്നാല്‍ രണ്ടാംപകുതിയില്‍ പകരക്കാരനായെത്തിയ അയ്‌റാം കബ്രേറയുടെ (49, 63, 82) ഹാട്രിക്ക് ഗോവക്ക് ഊര്‍ജം നല്‍കി.

79ാം മിനിട്ടില്‍ അയ്ബാന്‍ ഗോവയുടെ നാലാം ഗോള്‍ സ്വന്തമാക്കി. എന്നാല്‍ അവസാന നിമിഷം പകരക്കാരായെത്തിയ വിന്‍സി ബരെറ്റൊയും (88) അല്‍വാരോ വാസ്‌കസും (90) തകര്‍പ്പന്‍ ഗോളുകളുമായി ബ്ലാസ്‌റ്റേഴ്‌സിന് സമനിലയൊരുക്കി.

മത്സരം തുടങ്ങി 10ാം മിനിട്ടില്‍ തന്നെ ഡയസ് ഗോവയുടെ വല കുലുക്കിയിരുന്നു. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ലീഡ് ബ്ലാസ്‌റ്റേഴ്‌സിനായിരുന്നെങ്കിലും കളിയില്‍ മികച്ചു നിന്നത് ഗോവയായിരുന്നു. ആദ്യപകുതിയില്‍ ഉടനീളം ഏറ്റവും കൂടുതല്‍ ബോള്‍ പൊസഷന്‍ കൂടുതല്‍ ഉണ്ടായിരുന്നത് ഗോവയ്ക്കായിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഗോവയ്ക്ക് സാധിച്ചില്ല. മറുവശത്ത്, ഇതിനോടകം സെമിഫൈനലില്‍ പ്രവേശിച്ച് കഴിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് കാര്യമായ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നില്ല. ആദ്യപകുതിയില്‍ വെറും 29 ശതമാനം മാത്രമാണ് ബഌസ്‌റ്റേഴ്‌സ് പന്ത് കൈവശം വച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച രണ്ട് അവസരങ്ങളും ഗോളാക്കി മാറ്റുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കുകയായിരുന്നു.

 

Top