തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ, സ്വരാജും ഷിയാസും ഏറ്റുമുട്ടിയേക്കും !

പി.ടി തോമസിനെ പ്രതികൂല കാലാവസ്ഥയിലും ചേര്‍ത്തു നിര്‍ത്തിയ മണ്ഡലമാണ് തൃക്കാക്കര. പി.ടി ഇപ്പോള്‍ ഓര്‍മ്മയായി മാറുമ്പോള്‍ തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം കൂടിയാണ് ഒരുങ്ങുന്നത്. യു.പി പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. അങ്ങനെയെങ്കില്‍ ഉടനെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരും.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മാത്രം നടന്നിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. ജെ. ജേക്കബിനെ 14329 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് മണ്ഡലം നിലനിര്‍ത്തിയിരുന്നത്. പഠനകാലം മുതല്‍ എറണാകുളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും ഈ ജയത്തിനു പ്രധാന കാരണമാണ്.

തൃപ്പൂണിത്തുറ എറണാകുളം മണ്ഡലങ്ങളില്‍ നിന്നു ചില ഭാഗങ്ങള്‍ വീതം ചേര്‍ത്തു 2011ല്‍ രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. 2011ലും, 2016ലും ജയം അനുഗ്രഹിച്ചതും യുഡിഎഫിനെ തന്നെയായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അന്ന് സിപിഎമ്മിലെ എം.ഇ ഹസൈനാരെയാണ് ബെന്നി വീഴ്ത്തിയിരുന്നത്. പിന്നീടു 2014ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം തന്നെയാണ് നിന്നിരുന്നത്. കെ.വി.തോമസിനു തൃക്കാക്കര നല്‍കിയ ഭൂരിപക്ഷം 17314 വോട്ടുകളായിരുന്നു.

കോണ്‍ഗ്രസ്സ് തങ്ങളുടെ കോട്ടയായി കരുതുമ്പോഴും ഇടതുപക്ഷത്തിനും ഈ മണ്ഡലത്തില്‍ പ്രതീക്ഷകള്‍ ഏറെയാണ്. പി.ടി തോമസ് കഴിഞ്ഞ തവണ നേടിയ 14329 വോട്ടിന്റെ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. ക്രൈസ്തവ-മുസ്ലീം-ഹിന്ദു വിഭാഗങ്ങള്‍ക്ക് നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. യു.ഡി.എഫിനെ സംബന്ധിച്ച് മണ്ഡലം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മണ്ഡലം കൈവിട്ടാല്‍ അത് യു.ഡി.എഫിന് ഉണ്ടാക്കുന്ന പ്രഹരം വളരെ വലുതായിരിക്കും. വി.ഡി സതീശന്‍ – കെ.സുധാകരന്‍ കൂട്ടുകെട്ടിന്റെ കഴിവുകൂടി മാറ്റുരയ്ക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. തിരിച്ചടി നേരിട്ടാല്‍ ഇവരുടെ നേതൃത്വത്തെ കൂടിയാണ് അത് ചോദ്യം ചെയ്യപ്പെടുക. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുമായുള്ള തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ അതും തൃക്കാക്കരയില്‍ പ്രതിഫലിക്കാനാണ് സാധ്യത.

പി.ടിയുടെ പിന്‍ഗാമിയെ കുറിച്ച് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ചിന്തിച്ചിട്ട് പോലും ഇല്ലെങ്കിലും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പരിഗണിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇടതുപക്ഷത്ത് എം.സ്വരാജിന് അവസരം നല്‍കാന്‍ സി.പി.എം തീരുമാനിച്ചാല്‍ തീ പാറുന്ന മത്സരമാണ് നടക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ച സ്വരാജ് കെ.ബാബുവിനോട് 992 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടിരുന്നത്. സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ക്ക് അപ്പുറത്ത് നിന്നും സ്വരാജിന് വോട്ടുകള്‍ ലഭിച്ചെന്നും, എന്നാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്നുമാണ് തോല്‍വിയുടെ കാരണമായി സി.പി.എം ചൂണ്ടിക്കാണിച്ചിരുന്നത്.

ഏരൂര്‍ തെക്കുംഭാഗം, ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതായും സി.പി.എം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതു സംബന്ധമായി കര്‍ശനമായ സംഘടനാ നടപടിയും സി.പി.എം സ്വീകരിക്കുകയുണ്ടായി. തൃക്കാക്കരക്കു പുറമെ പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോല്‍വി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു. ഇവിടങ്ങളിലെ തോല്‍വിയുടെ ഉത്തരവാദികളായ ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് സി.പി.എം സംഘടനാ നടപടി സ്വീകരിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍ തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പഴുതടച്ച പ്രചരണമാകും സി.പി.എം നടത്തുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വരുന്ന തിരഞ്ഞെടുപ്പായതിനാല്‍ തൃക്കാക്കര പിടിച്ചാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുക. ഇത്തവണ സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നതും എറണാകുളത്താണ്. സംസ്ഥാന സമ്മേളനത്തിനു ശേഷം തൃക്കാക്കര മണ്ഡലം കേന്ദ്രീകരിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളും സി.പി.എം ശക്തിപ്പെടുത്തും. സി.പി.എമ്മിനെ പോലെ തന്നെ കോണ്‍ഗ്രസ്സിനും ശക്തമായ സംഘടനാ സംവിധാനം ഉള്ള ജില്ലയാണ് എറണാകുളം. ബി.ജെ.പിയും കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ഈ മണ്ഡലത്തില്‍ രംഗത്തിറക്കുക. ഇതോടെ തീ പാറുന്ന ത്രികോണ മത്സരത്തിനാണ് തൃക്കാക്കര മണ്ഡലം സാക്ഷ്യംവഹിക്കാന്‍ പോകുന്നത്.

EXPRESS KERALA VIEW

Top