തൃക്കാക്കരയിൽ എന്താണ് സംഭവിക്കുക ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം . . .

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും വെല്ലുവിളികളും ഏറെയാണ്. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ പി.ടി തോമസിന് പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ്സ് നീക്കം. എന്നാല്‍ ഈ നീക്കം തിരിച്ചടിയാകുമോ എന്ന ആശങ്കയും യു.ഡി.എഫ് നേതാക്കള്‍ക്കിടയിലുണ്ട്. ഹിന്ദുവായ ഉമയെ വിവാഹം കഴിച്ച പി.ടി തോമസ് ഭാര്യയെ അവരുടെ മതാചാരപ്രകാരം തന്നെയാണ് ജീവിക്കാനും അനുവദിച്ചിരുന്നത്. മാതൃകാപരായ നിലപാടാണ് ഇതെങ്കിലും ഇക്കാരും പ്രചരണമായാല്‍ യു.ഡി.എഫിനു കിട്ടേണ്ട ക്രൈസ്തവ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമോ എന്നതാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തെ അലട്ടുന്നത്.

മറ്റു മത വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനം മണ്ഡലത്തില്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കക്ക് അടിസ്ഥാനമില്ലന്നാണ് പി.ടി അനുകൂലികള്‍ വാദിക്കുന്നത്. ഉമയല്ലാതെ മറ്റാരു മത്സരിച്ചാലും മണ്ഡലം കൈവിട്ടു പോകുമെന്ന മുന്നറിയിപ്പും ഈ വിഭാഗം നല്‍കിയിട്ടുണ്ട്. ഉമ തോമസിനു പുറമെ വി.ടി ബല്‍റാം ഷിയാസ് മുഹമ്മദ് എന്നിവരുടെ പേരുകളും തൃക്കാക്കര മണ്ഡലത്തില്‍ സജീവമാണ്. ഒരു പരീക്ഷണത്തിനും നില്‍ക്കാതെ ഉമയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതാണ് കെ.പി.സി.സി നേതൃത്വത്തിന്റെ താല്‍പ്പര്യം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെ.വി തോമസിനെതിരെ പോലും പാര്‍ട്ടി ഹൈക്കമാന്റ് നടപടി എടുക്കാതിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ പുകഞ്ഞ കൊള്ളിയാണെങ്കിലും ക്രൈസ്തവ സഭാ നേതൃത്വത്തില്‍ ഇപ്പോഴും കെ.വി തോമസിനു നല്ല സ്വാധീനമുണ്ട്. അദ്ദേഹം ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ യു.ഡി.എഫിന്റെ കണക്കു കൂട്ടലുകള്‍ കൂടിയാണ് തെറ്റുക.

അതേസമയം കെ.വി തോമസിനെ എന്തായാലും ഇടതുപക്ഷം മത്സരിപ്പിക്കാനുള്ള സാധ്യതയും കുറവാണ്. എം.എല്‍.എ ആയും എം.പിയായും മന്ത്രിയായും എല്ലാം…. അനവധി തവണ പയറ്റി തെളിഞ്ഞ കെ.വി തോമസ് ഇനിയും മത്സരിക്കാന്‍ ഇറങ്ങിയാല്‍ ജനങ്ങള്‍ എതിരാകും എന്നതും ഇടതുപക്ഷത്തെ പിറകോട്ടടിപ്പിക്കുന്ന ഘടകമാണ്. ഇതു തിരിച്ചറിഞ്ഞതു കൊണ്ടു തന്നെയാണ് മത്സരിക്കാന്‍ ഇല്ലന്ന നിലപാട് കെ.വി തോമസും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് തൃക്കാക്കരയില്‍ മത്സരിക്കാന്‍ പറ്റിയ താരമൂല്യമുള്ള നിരവധി പേര്‍ ആ മുന്നണിയിലുണ്ട്. സി.പി.എം സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കുക.

കെ. റെയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെല്ലാം തൃക്കാക്കരയിലൂടെ ”മാസ്” മറുപടി നല്‍കാനാണ് സി.പി.എമ്മിന്റെ തീരുമാനം. എം സ്വരാജും കൊച്ചി മേയര്‍ അനില്‍കുമാറും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇടതുപക്ഷത്തിന്റെ പരിഗണനയില്‍ ഉള്ള നേതാക്കളാണ്. തൃക്കാക്കരയില്‍ പരാജയപ്പെട്ടാലും ഇടതുപക്ഷത്തിന് പ്രത്യേകിച്ച് ഒരു കോട്ടവും തട്ടാനില്ല. യു.ഡി.എഫിന്റെ കോട്ട ‘അവര്‍ വീണ്ടും കാത്തു’ എന്നതാകും അപ്പോള്‍ വിലയിരുത്തപ്പെടുക. എന്നാല്‍ മണ്ഡലം പിടിച്ചെടുത്താല്‍ കഥയാകെ മാറും. കെ.സുധാകരന്റെയും വി.ഡി സതീശന്റെയും കസേരകളും അതോടെ ഇളകും.

ഉറച്ച കോട്ട കാക്കാന്‍ പറ്റിയില്ലങ്കില്‍ യു.ഡി.എഫിലും കലഹം ഉറപ്പാണ്. അത്തരമൊരു സാഹചര്യം… ലോകസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനു വലിയ വെല്ലുവിളിയാകും. നിലവില്‍ 20-ല്‍ 19 ലോകസഭ സീറ്റുകളും യു.ഡി.എഫിന്റെ പക്കലാണുള്ളത്. അടുത്ത തവണ ഇതില്‍ എത്ര സീറ്റുകളില്‍ അവര്‍ക്കു വിജയിക്കാന്‍ സാധിക്കും എന്നതും പ്രസക്തമായ കാര്യം തന്നെയാണ്. ഇത്തവണ 18 സീറ്റുകള്‍ ഇടതുപക്ഷത്തിനും രണ്ടു സീറ്റുകള്‍ മാത്രം യു.ഡി.എഫിനും എന്ന നിലയിലാണ് ഇടതുപക്ഷ നേതാക്കള്‍ കണക്കു കൂട്ടിയിരിക്കുന്നത്. യു.ഡി.എഫിന്റെ സംഘടനാ അടിത്തറയിലെ വിള്ളലാണ് ഇത്തരമൊരു അവകാശവാദത്തിന് ഇടതു നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്. വയനാടും മലപ്പുറവുമാണ് യു.ഡി.എഫിനായി ഇടതുപക്ഷം സാധ്യത നല്‍കുന്ന മണ്ഡലങ്ങള്‍. പൊന്നാനി ലോകസഭ മണ്ഡലം പോലും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുവച്ചു നോക്കിയാല്‍ വളരെ ചെറിയ ഭൂരിപക്ഷം മാത്രമാണ് പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫിനുള്ളത്.

കെ.വി തോമസ് ഉടക്ക് തുടര്‍ന്നാല്‍ എറണാകുളവും വീഴ്ത്താമെന്നതും ചെമ്പടയുടെ അജണ്ടയാണ്. ഈ സ്വപ്നത്തിന് ചിറകു നല്‍കുന്ന വിധിയായി തൃക്കാക്കരയെ മാറ്റാനാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കുന്നതിനായി പ്രോരംഭ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷം ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടന്നു കഴിഞ്ഞു. ത്രികോണ മത്സരം ഉറപ്പുവരുത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബി.ജെ.പി നേതൃത്വവും പ്രഖ്യാപിച്ചു കഴിഞ്ഞു. ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും കൂടി രംഗത്തിറങ്ങുന്നതോടെ ത്രികോണ മത്സരത്തിനും അപ്പുറമാണ് ഇനി പോരാട്ടം നടക്കുക. ഓരോ വോട്ടും നിര്‍ണ്ണായകമാകുന്നതും ഇവിടെയാണ്.

മൂന്നു മുന്നണികളുടെയും സംസ്ഥാന നേതാക്കളും കേഡര്‍മാരും തമ്പടിക്കാന്‍ പോകുന്നതും ഇനി തൃക്കാക്കരയിലായിരിക്കും. കെ റെയില്‍ കടന്നു പോകുന്ന മണ്ഡലമാണ് എന്നതിനാല്‍ ഈ വിഷയം തന്നെയാകും പ്രചരണത്തിലും ഇനി കത്തി പടരാന്‍ പോകുന്നത് .. . തൃക്കാക്കര വിധി എന്തു തന്നെ ആയാലും തീ പാറുന്ന മത്സരമാണ് നടക്കുക. അതിനായാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.

EXPRESS VIEW

Top