തൃക്കാക്കരയിലും ചുവപ്പ് ‘ട്രെയിനിനെ’ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ . . .

കെ.റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പാഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി വിധി പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയല്ലന്നും സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയില്ലന്നതുമാണ് യു.ഡി.എഫിന്റെ വാദം. ഇതേ നിലപാടു തന്നെയാണ് ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നത്. എന്തു തന്നെ വന്നാലും സര്‍ക്കാറിനെ ‘പാഠം പഠിപ്പിക്കുക’ തന്നെ ചെയ്യുമെന്നതാണ് ഈ പ്രതിപക്ഷ പാര്‍ട്ടികളുടെ വാശി.

കെ റെയില്‍ സാമൂഹികാഘാത സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു ശേഷവും പ്രക്ഷോഭവുമായാണ് പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. ‘സര്‍വേയില്‍ എന്താണു തെറ്റെന്നു” ചോദിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി ശരിവയ്ച്ചു കൊണ്ടാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ‘ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന” കോടതി നിരീക്ഷണം പ്രതിപക്ഷത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. അതു കൊണ്ടു തന്നെയാണ് അവരിപ്പോഴും സമരവുമായി മുന്നോട്ട് പോകുന്നതും…

അതേസമയം കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാടിലെ അവ്യക്തതയും നിലവില്‍ തുടരുകയാണ്. ഈ വിഷയത്തില്‍ റെയില്‍വെ മന്ത്രിക്കും പ്രധാനമന്ത്രിക്കും രണ്ട് നിലപാടാണ് ഉള്ളതെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കെ റെയില്‍ വേണ്ടന്ന വാദം ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അത്തരം ഒരു നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രത്യക്ഷത്തില്‍ സ്വീകരിച്ചിട്ടില്ല. വികസനത്തിന് തുരങ്കം വയ്ക്കുന്ന സര്‍ക്കാര്‍ എന്ന ഇമേജ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഇടതു സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിക്കെതിരെ സംഘ പരിവാര്‍ സംഘടനകള്‍ ഒറ്റെക്കെട്ടായാണ് എതിര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ ധര്‍മ്മസങ്കടത്തിലാക്കുന്നതും പരിവാറിന്റെ ഈ പ്രതിഷേധം തന്നെയാണ്.

പദ്ധതി നടന്നാലും ഇല്ലെങ്കിലും രാഷ്ട്രീയപരമായി നേട്ടമുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കെ റെയിലിനെതിരെ രംഗത്ത് വന്ന ചില മത സംഘടനകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ചുവട് മാറ്റിയ അവസ്ഥയിലാണുള്ളത്. പദ്ധതിക്ക് എതിരല്ലന്ന നിലപാടാണ് അവരില്‍ പലരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം പിഴുതെറിഞ്ഞ സര്‍വേകല്ലുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ച് തുടങ്ങിയതോടെ നേരിട്ടുള്ള പോര്‍മുഖവും തുറന്നു കഴിഞ്ഞു. ഏറ്റുമുട്ടലിനുള്ള സാധ്യത ഇന്റലിജന്‍സും നല്‍കിയിട്ടുണ്ട്.

രമേശ് ചെന്നിത്തല പിഴുതെറിഞ്ഞ സര്‍വേകല്ല് പുനസ്ഥാപിക്കാന്‍ മന്ത്രി സജി ചെറിയാനാണ് നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇതുപോലെ മന്ത്രിമാരും എം.എല്‍.എമാരും യുവജന സംഘടനകളും ഉള്‍പ്പെടെയാണ് കെ റെയിലിന്റെ ‘പാത’ സുഗമമാക്കാന്‍ നിലവില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത് സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം പ്രധാനമായും ബോധവല്‍ക്കരണം നടത്തുന്നത്. നഷ്ടപരിഹാരവും പുനരധിവാസവും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നേതാക്കള്‍ ഉറപ്പു നല്‍കുന്നുമുണ്ട്. സി.പി.എം അതിന്റെ സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് പ്രചരണം മുന്നോട്ട് കൊണ്ടു പോകുന്നത്.ഈ പ്രതിരോധത്ത മറികടക്കാന്‍ പ്രതിപക്ഷവും ശക്തമായാണ് ശ്രമിക്കുന്നത്.

കെ റെയില്‍ പദ്ധതിയെ ബംഗാളിലെ നന്ദിഗ്രാമിനോട് താരതമ്യം ചെയ്താണ് പ്രതിപക്ഷം പ്രധാനമായും പ്രചരണം നടത്തുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകും എന്നാണ് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പായതിനാല്‍ ഇടതുപക്ഷവും ഉടന്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.

കെ റെയില്‍ വിവാദം കൊടുമ്പിരികൊണ്ടിരിക്കെ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ തൃക്കാക്കരയിലെ വിജയം ഇരു മുന്നണികള്‍ക്കും അനിവാര്യമാണ്. യു.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന തൃക്കാക്കര നിലനിര്‍ത്താന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ അട്ടിമറി വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യു.ഡി.എഫ് നീക്കം. ഇടതുപക്ഷത്താണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലങ്കിലും ശക്തനായ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59839 വോട്ടുകളാണ് പി.ടി തോമസ് നേടിയിരുന്നത്. 14329 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ഉണ്ടായിരുന്നത്. ഇടതു പക്ഷ സ്ഥാനാര്‍ത്ഥി ഡോ.ജെ. ജേക്കബ് 45510 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പിയിലെ എസ് സജി 15483 വോട്ടുകളും കരസ്ഥമാക്കുകയുണ്ടായി.

കന്നി തിരഞ്ഞെടുപ്പിന് ഇറങ്ങിയ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ടെറി തോമസിന്റെ പെട്ടിയില്‍ വീണിരിക്കുന്നത് 13897 വോട്ടുകളാണ്. ഇത്തവണ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കൂടി മത്സരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും യു.ഡി.എഫ് വോട്ട് ബാങ്കിനാണ് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക. ബി.ജെ.പി കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും പ്രതിപക്ഷ വോട്ടുകളിലാണ് ഭിന്നിപ്പിന് സാധ്യത. ഇതെല്ലാം മുന്‍കൂട്ടി കണ്ടുള്ള ഒരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനാണ് യു.ഡി.എഫും ഇടതുപക്ഷവും നിലവില്‍ തയ്യാറെടുക്കുന്നത്. കനത്ത വെല്ലുവിളികള്‍ക്കിടയിലും യു.ഡി.എഫിന് തൃക്കാക്കര നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് അവര്‍ക്ക് രാഷ്ട്രീയപരമായി തന്നെ വലിയ നേട്ടമാകും. പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താന്‍ ഈ ഒരു വിജയം കോണ്‍ഗ്രസ്സിനു മാത്രമല്ല മുസ്ലീംലീഗിനും അനിവാര്യവുമാണ്. അഥവാ തൃക്കാക്കര കൈവിട്ടാല്‍ യു.ഡി.എഫ് എന്ന സംവിധാനം തന്നെയാണ് പ്രതിസന്ധിയിലാകുക.അതോടെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയില്‍ വമ്പന്‍ പൊട്ടിത്തെറിക്കും കളമൊരുങ്ങും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ് ഇടതുപക്ഷവും കരുക്കള്‍ നീക്കുന്നത്. യു.ഡി.എഫിനെ പ്രഹരിക്കാന്‍ ഏറ്റവും വലിയ അവസരമായാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ ഇടതുപക്ഷം കാണുന്നത്. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രവും ഇടതുപക്ഷത്തിന് മേല്‍ക്കോയ്മ നല്‍കുന്നതാണ്.

കെ റെയിലില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തിന് തൃക്കാക്കരയിലൂടെ ഒരു മാസ് മറുപടിയാണ് സി.പി.എം നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനായി മന്ത്രിമാര്‍ ഉള്‍പ്പെടെ വലിയ ഒരു സംഘമാണ് തൃക്കാക്കരയിലേക്ക് തിരിക്കാനിരിക്കുന്നത്. യു.ഡി.എഫും ഇടതുപക്ഷവും നേര്‍ക്കു നേര്‍ നടത്തുന്ന പോരാട്ടത്തില്‍ ബി.ജെ.പിയും ശക്തമായി തന്നെ രംഗത്തുണ്ടാകും. മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകളും തൃക്കാക്കരയുടെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കാന്‍ പോകുന്നത്.

EXPRESS KERALA VIEW

Top