തൃക്കാക്കരയിൽ യുഡിഎഫിന്റെ വോട്ടുകൾ വോട്ടർ പട്ടികയിൽ ചേർത്തില്ല: വി ഡി സതീശൻ

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് തന്നെ കൃത്രിമം കാണിക്കാനാണ്. ക്രമക്കേട് കാട്ടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആറായിരത്തിനും ഏഴായിരത്തിനും ഇടയില്‍ വോട്ടു ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിൽ ബഹുഭൂരിപക്ഷവും പട്ടികയിൽ ചേർത്തിട്ടില്ല. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും നല്‍കിയിരുന്നു. 161-ാം ബൂത്തില്‍ അവിടുത്തെ ദേശാഭിമാനി ഏജന്റായ സിപിഎം നേതാവ് രക്ഷകര്‍ത്താവായി അഞ്ച് വ്യാജ വോട്ടുകളാണ് ചേര്‍ത്തതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

അതില്‍ പലരുടേയും വോട്ടുകള്‍ യഥാര്‍ത്ഥ പേരുകളില്‍ കിടക്കുന്നുണ്ട്. അവര്‍ അറിയാതെ അവരുടെ പടം വെച്ച് വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇങ്ങനെ ചേര്‍ത്ത വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യുഡിഎഫ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

 

Top