യു.ഡി.എഫ് ‘വിക്കറ്റ്’ തെറുപ്പിക്കാൻ ചെമ്പടയുടെ ‘തന്ത്രപരമായ’ നീക്കം !

അങ്ങനെ ഒടുവിൽ തൃക്കാക്കര മണ്‌ഡലത്തിൽ തിരഞ്ഞെടുപ്പിന് കൊടിയേറിയിരിക്കുകയാണ്. മെയ് 31 ന് നടക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് അതി നിർണ്ണായകമാണ്. മണ്ഡല രൂപീകരണം മുതൽ യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായ തുക്കാക്കര മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാൽ അത് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.

ഇടതുപക്ഷത്തെ സംബന്ധിച്ച് തൃക്കാക്കരയിലൂടെ സെഞ്ച്വറി അടിക്കുക എന്നത് അവരുടെ രാഷ്ട്രീയ ദൗത്യമാണ്. നിയമസഭയിൽ 100 തികയ്ക്കുക എന്നതിലുപരി യു.ഡി.എഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരം സൃഷ്ടിക്കുക എന്നതാണ്, ഇടതുപക്ഷം ലക്ഷ്യമിടുന്നത്.

തൃക്കാക്കര യു.ഡി.എഫിനു നഷ്ടമായാൽ സർക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ‘മുന’ ഒടിയുമെന്നതും, ഇടതു നീക്കങ്ങൾക്ക് വേഗത കൂട്ടിയിട്ടുണ്ട്.മുൻപും, യു.ഡി.എഫിന് സിറ്റിംഗ് സീറ്റുകൾ ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അന്നൊക്കെ യു.ഡി.എഫിന് താൽക്കാലിക തിരിച്ചടി മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം, ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല, ദേശീയ തലത്തിൽ മാത്രമല്ല കേരളത്തിലും കോൺഗ്രസ്സിന്റെ സ്ഥിതി വളരെ മോശമാണ്. ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചതോടെ യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗും വളരെ ആശങ്കയിലാണുള്ളത്. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ തൃക്കാക്കര കൈവിട്ടാൽ ലീഗിനും മുന്നണിയിൽ തുടരുക എന്നത് വെല്ലുവിളിയാകും.
അതു കൊണ്ടു തന്നെ തൃക്കാക്കര നിലനിർത്തുക എന്നത് യു.ഡി.എഫ് കക്ഷികളെ സംബന്ധിച്ച് ഇപ്പോൾ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്.

പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതും വിജയം ഉറപ്പിക്കാനാണ്. യാതൊരു തരത്തിലുള്ള വിമതശല്യം ഉണ്ടാകരുതെന്നും കെ.പി.സി.സി നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. കെ.സുധാകരൻ്റെയും വി.ഡി സതീശൻ്റെയും നേതൃത്വത്തെ അംഗീകരിക്കാത്ത ഗ്രൂപ്പ് നേതൃത്വങ്ങൾ, പക വീട്ടുമോ എന്ന ഭീതിയും കെ.പി.സി.സി നേതൃത്വത്തിനുണ്ട്. സിറ്റിംഗ് സീറ്റായ തൃക്കാക്കര കൈവിട്ടാൽ അത് സുധാകരനും സതീശനും എതിരായ നീക്കമായി, എ – ഐ ഗ്രൂപ്പുകൾ മാറ്റുമെന്നതും ഉറപ്പാണ്.

തൃക്കാക്കര നഷ്ടമായാൽ വീണ്ടും ഗ്രൂപ്പ് ആധിപത്യം കോൺഗ്രസ്സിൽ തിരിച്ചു വരുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. എന്നാൽ, തൃക്കാക്കരയിൽ തിരിച്ചടി നേരിട്ടാൽ, പിന്നെ കോൺഗ്രസ്സിനു ഒരു തിരിച്ചുവരവ് അസാധ്യമാകുമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെടുമ്പോഴും, കോൺഗ്രസ്സിൽ നിലവിൽ കാര്യങ്ങൾ അത്ര പന്തിയില്ല.

ഉമ തോമസിലൂടെ കോൺഗ്രസ്സ് സഹതാപ വോട്ടുകൾ ലക്ഷ്യമിടുമ്പോൾ ‘സഹതാപം’ ഫലം കാണില്ലെന്നാണ് പ്രമുഖ കോൺഗ്രസ്‌ നേതാവായ ഡൊമനിക്‌ പ്രസന്റേഷൻ തന്നെ തുറന്നടിച്ചിരിക്കുന്നത്. സഹതാപം ഫലം കാണുന്ന മണ്ഡലമല്ല തൃക്കാക്കരയെന്നും, ആരെ നിർത്തിയാലും ജയിക്കുമെന്ന്‌ കരുതിയാൽ തിരിച്ചടിയാകും ഫലമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ‘സാമൂഹിക സാഹചര്യം ഉൾക്കൊണ്ടില്ലെങ്കിൽ’ വിപരീതഫലമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ ഡൊമനിക് പ്രസൻ്റേഷൻ, കെ വി തോമസ്‌ ഇപ്പോഴും എഐസിസി അംഗമാണെന്നും, ഒരാൾ പിണങ്ങിയാൽ പോലും ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും നേതൃത്വത്തിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

തൃക്കാക്കരയിൽ, പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്‌ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ഡൊമനിക്‌ പ്രസന്റേഷന്റെ ഈ പ്രതികരണം, കെ.പി.സി.സി നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഈ വാദം തള്ളിയാണ് ഉമയുടെ സ്ഥാനാർത്ഥിത്വം ഹൈക്കമാന്റെ പ്രഖ്യാപിച്ചിരിക്കുന്നത്.

നിർണ്ണായക തിരഞ്ഞെടുപ്പായതിനാൽ സുധാകരന്റെ അച്ചടക്ക ‘വാളൊന്നും’ തൃക്കാക്കരയിൽ പ്രയോഗിക്കാൻ കഴിയുകയില്ല.എല്ലാ ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടു പോകുക എന്നതാണ് ഇനി ഗ്രൂപ്പില്ലന്ന് പറയുന്ന സുധാകരന്റെയും സതീശന്റെയും ശ്രമകരമായ ദൗത്യം. ഈ ദൗത്യത്തിൽ അവർ പരാജയപ്പെട്ടാൽ യു.ഡി.എഫിന്റെ നിലയാണ് കൂടുതൽ പരുങ്ങലിലാകുക. പ്രതികൂല സാഹചര്യത്തിലും പി.ടി തോമസ് 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണിത്. അദ്ദേഹം ആകെ 59,839 വോട്ടുകൾ നേടിയപ്പോൾ, തൊട്ടു അടുത്ത ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ.ജെ. ജേക്കബിനു ലഭിച്ചത് 45,510 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ എസ്. സജി 15,483 വോട്ടുകൾ നേടിയപ്പോൾ കന്നി മത്സരത്തിൽ ട്വന്റി  ട്വന്റി സ്ഥാനാർത്ഥി നേടിയത് 13, 897 വോട്ടുകളാണ്. ഇത്തവണ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണയ്ക്കാനാണ് ട്വന്റി  ട്വന്റി യുടെ തീരുമാനം. ആം ആദ്മി സ്ഥാനാർത്ഥി കൂടി വന്നാൽ, അതിശക്തമായ പോരാട്ടത്തിനാണ് തൃക്കാക്കര സാക്ഷ്യം വഹിക്കുക. അരാഷ്ട്രീയ കൂട്ടം എന്നു പറഞ്ഞ് അവരെ അവഗണിക്കാൻ ഇപ്പോൾ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുണ്ടെങ്കിലും, യു.ഡി.എഫ് നേതാക്കളുടെ ഉള്ളിൽ കടുത്ത ആശങ്കയാണുള്ളത്.

ട്വന്റി ട്വന്റി 20 – ആം ആദ്മി പാർട്ടി സഖ്യം പിടിക്കുന്ന വോട്ടുകൾ, യു.ഡി.എഫിന്റെ പെട്ടിയിൽ നിന്നും പോകുമോ എന്നതിലാണ് ഈആശങ്ക. മാത്രമല്ല ബി.ജെ.പിയും ഇത്തവണ പരമാവധി വോട്ടുകൾ പിടിക്കാനാണ് ശ്രമിക്കുക. ഇതും യു.ഡി.എഫിനാണ് ആത്യന്തികമായി ഭീഷണിയാകുക. ഇടതുപക്ഷ വോട്ടുകൾക്ക് പൊതുവെ ഒരു കേഡർ സ്വഭാവം ഉള്ളതിനാൽ ഭിന്നിപ്പിക്കുക പ്രയാസമാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും, ഇടതുപക്ഷം തന്നെയാണ് മുൻ കാലങ്ങളിലും കരുത്ത് കാണിച്ചിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പ് മുൻ നിർത്തി, എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും ഉൾപ്പെടെയുള്ള, സകല സംസ്ഥാന നേതാക്കളും, വർഗ്ഗ ബഹുജന സംഘടനാ നേതാക്കളുമാണ് തൃക്കാക്കരയിൽ തമ്പടിക്കാൻ ഒരുങ്ങുന്നത്. ഇതിനു ആവശ്യമായ ക്രമീകരണം ഇതിനകം തന്നെ സി.പി.എം പൂർത്തീകരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയും തൃക്കാക്കരയിലെ പ്രചരണത്തിൽ സജീവമാകും.

യു.ഡി.എഫും സമാനമായ നീക്കങ്ങളാണ് നടത്തുന്നത്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ കെ.പി.സി.സി നേതാക്കളും എം.എൽ.എമാരും ,എം.പിമാരുമാണ്, മണ്ഡലത്തിൽ തമ്പടിച്ച് പ്രചരണത്തിനു നേതൃത്വം കൊടുക്കുക. ഗ്രൂപ്പുകൾ പാലം വലിക്കാതിരിക്കാൻ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മണ്ഡലത്തിൽ ‘തളച്ചിടാനും’ അണിയറയിൽ നീക്കമുണ്ട്. ബി.ജെ.പിയ്ക്കു വേണ്ടി കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയാണ് പ്രചരണത്തിനെത്തുക. വോട്ട് വർദ്ധിപ്പിച്ചില്ലങ്കിൽ നാണംകെടുമെന്നതിനാൽ പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് ബി.ജെ.പി നേതൃത്വവും നീക്കം നടത്തുന്നത്.പി.സി ജോർജും ബി.ജെ.പിക്കു വേണ്ടി പ്രചരണത്തിനിറങ്ങാനോ, ഇനി സ്ഥാനാർത്ഥിയാകാനോ തന്നെ സാധ്യത ഏറെയാണ്.അങ്ങനെയെങ്കിൽ മത്സരം ഒന്നുകൂടി കടുക്കും.

ട്വന്‍റി 20 – ആം ആദ്മി കൂട്ടുകെട്ടും, മണ്ഡലത്തിൽ ശക്തമായ പ്രവർത്തനം നടത്താനാണ് നീക്കം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പായതിനാൽ, തൃക്കാക്കരയിൽ നിറഞ്ഞ് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഇവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. പരമാവധി വോട്ട് ശേഖരണം തന്നെയാണ് ആം ആദ്മി പാർട്ടി സഖ്യത്തിന്റെയും ലക്ഷ്യം. മുൻപ് ആം ആദ്മി പാർട്ടി രൂപീകരണ കാലത്ത് നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ, 50,000-ൽ അധികം വോട്ടുകൾ എറണാകുളം മണ്ഡലത്തിൽ നിന്നു മാത്രം, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അനിത പ്രതാപ് നേടിയിട്ടുണ്ട്. അടുത്തയിടെ പഞ്ചാബ് കൂടി പിടിച്ചെടുത്ത് കരുത്ത് കാട്ടിയതിനാൽ, ആ നേട്ടം പ്രചരണമാക്കി തൃക്കാക്കരയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതാണ് ആം ആദ്മി പാർട്ടിയുടെ പ്രതീക്ഷ. യു.ഡി.എഫിനെ മണ്ഡലം കൈവിട്ടാൽ, കേരളത്തിൽ തങ്ങളുടെ സാധ്യത വർദ്ധിക്കുമെന്ന കണക്കു കൂട്ടലും ആം ആദ്മി പാർട്ടിക്കുണ്ട്. അടുത്ത തവണയെങ്കിലും ഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ് പല കോൺഗ്രസ്സ് നേതാക്കളും ഇപ്പോഴും പാർട്ടിയിൽ തുടരുന്നത്. ഉറച്ച സീറ്റായ തൃക്കാക്കര കൈവിട്ടാൽ ആ പ്രതീക്ഷയാണ് അവർക്ക് നഷ്ടമാകുക. അത്തരമൊരു ഘട്ടത്തിൽ മുസ്ലീംലീഗും സമ്മർദ്ദത്തിലാകും, അവർക്കും മറ്റു ഓപ്ഷനുകൾ പരിഗണിക്കേണ്ടി വരും. ജനസ്വാധീനം ഇല്ലാത്തതിനാൽ പെരുവഴിയിലാകുമോ എന്ന ആശങ്ക ആർ.എസ്.പിക്കും പി.ജെ ജോസഫ് വിഭാഗത്തിനും നിലവിലുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് ഇടതുപക്ഷം ഇപ്പോൾ കളിക്കളത്തിൽ ശക്തമായി ഇറങ്ങിയിരിക്കുന്നത്.

ഈ കളിയിൽ ചെമ്പട ‘സെഞ്ചുറി’ തികച്ചാൽ, ലോകസഭ തിരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനം ഉറപ്പാണ്.20-ൽ 19 സീറ്റുകളെന്ന യു.ഡി.എഫിന്റെ അഹങ്കാരത്തിനും, അതോടെ തന്നെ, തിരശ്ശീലയും വീഴും.

Top