തൃക്കാക്കര പിടിച്ചാൽ മന്ത്രിസ്ഥാനം ? സാധ്യത തള്ളാതെ രാഷ്ട്രീയ നിരീക്ഷകരും !

തൃ ക്കാക്കരയിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ വീറും വാശിയും പതിൻമടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിജയ – പരാജയങ്ങൾ ആർക്കായാലും അതിന്റെ ‘എഫക്ട് ‘രാഷ്ട്രീയ കേരളത്തിലും തീർച്ചയായും ഉണ്ടാകും. ഉമ തോമസിനു മണ്ഡലം നിലനിർത്താൻ സാധിച്ചാൽ ആ മണ്ഡലം പിന്നെ അവരുടെ കുത്തക മണ്ഡലമാക്കി നിലനിർത്താനാണ് ശ്രമമുണ്ടാകുക.

ഒരിക്കൽ ഒരാൾ മത്സരിച്ചു വിജയിച്ചാൽ പിന്നെ, അയാൾ തന്നെ തുടർച്ചയായി ആ മണ്ഡലത്തിൽ മത്സരിക്കുക എന്നത് കോൺഗ്രസ്സിന്റെ പരമ്പരാഗത രീതിയാണ്.ഇത് ടോണി ചമ്മണി, ഡൊമനിക് പ്രസന്റെഷൻ, ഷിയാസ് മുഹമ്മദ് തുടങ്ങിയ നേതാക്കളുടെ, ഭാവി സാധ്യതയ്ക്കും തിരിച്ചടിയാകും. എം.പി സ്ഥാനം തെറിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും മത്സരിക്കാമെന്ന ബെന്നി ബെഹന്നാന്റെ മോഹത്തിനും ഉമ വിജയിച്ചാൽ റെഡ് സിഗ്നൽ ഉയരും. അതോടെ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന വി.ഡി സതീശൻ പാർട്ടിയിലും മുന്നണിയിലും കൂടുതൽ ശക്തനാവാനും, അത്തരമൊരു സാഹചര്യം വഴി ഒരുക്കും. ഇപ്പോൾ തന്നെ പ്രഖ്യാപിത ശത്രുവായ കിറ്റെക്സ് സാബുവിനോടുള്ള നിലപാട് പ്രതിപക്ഷ നേതാവ് മയപ്പെടുത്തി കഴിഞ്ഞു.

കിറ്റെക്സിനെതിരെ പട നയിച്ച പി.ടി തോമസിന്റെ നിലപാടുകൾ മറന്ന് ട്വന്റി ട്വന്റി യുടെ വോട്ടു തേടാൻ കിറ്റെക്സ് സാബുവിനെ സന്ദർശിക്കാനും പിടിയുടെ പിൻഗാമിയാകാൻ ഇറങ്ങിയ ഭാര്യ ഉമ തോമസും ഇപ്പോൾ തയ്യാറാണ്. അവസരവാദപരകായ നിലപാടായി മാത്രമേ ഇത്തരം നീക്കങ്ങളെ വിലയിരുത്താൻ കഴിയുകയൊള്ളു. തൃക്കാക്കര നിലനിർത്തിയാൽ ആത്മവിശ്വാസത്തോടെ ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടാനും യു.ഡി.എഫിനു കഴിയും. ഈ സാഹചര്യത്തിൽ എ – ഐ ഗ്രൂപ്പുകൾ കൂടുതൽ ദുർബലമാകാനും സാധ്യത ഏറെയാണ്.
ട്വന്റി ട്വന്റി യും ആം ആദ്മി പാർട്ടിയും മത്സരിക്കാത്തത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. സമാനമായ അഭിപ്രായമാണ് ബി.ജെ.പിയും പ്രകടിപ്പിക്കുന്നത്.

സംസ്ഥാന വൈസ്പ്രസിഡന്റ് എ എൻ രാധാകൃഷ്ണനെ തന്നെ അവർ രംഗത്തിറക്കിയത് പരമാവധി വോട്ടുകൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണ്. പണത്തിനും ബി.ജെ.പിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കേന്ദ്ര മന്ത്രിമാരെ ഉൾപ്പെടെയാണ് ബി.ജെ.പി രംഗത്തിറക്കുവാൻ പോകുന്നത്. വോട്ട് ശതമാനം വർദ്ധിപ്പിച്ച് കേന്ദ്ര നേതൃത്വത്തിനു മുന്നിൽ കരുത്ത് തെളിയിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. സംഘ പരിവാർ സംഘടനകളും എ.എൻ രാധാകൃഷ്ണനു വേണ്ടി സജീവമായി രംഗത്തുണ്ട്.

ഇടതുപക്ഷമാകട്ടെ ഇത്തവണ ഉറപ്പായും അട്ടിമറി വിജയം നേടുമെന്ന വാശിയിലാണ്. മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെയാണ് ഈ ലക്ഷ്യം മുൻനിർത്തി മണ്ഡലത്തിൽ തമ്പടിച്ചിരിക്കുന്നത്. മനുഷ്യ സ്നേഹിയായ ഡോക്ടർ ജോ ജോസഫ് വിജയിച്ചാൽ ഇടതുപക്ഷത്തെ സംബന്ധിച്ച് അതൊരു ചരിത്ര നേട്ടമാകും. നിയമസഭയിൽ നൂറ് തികയ്ക്കാൻ കഴിഞ്ഞാൽ തൃക്കാക്കരക്കൊരു മന്ത്രി പദവിക്കും സാധ്യതയുണ്ട്. ജോ ജോസഫിനെ ആരോഗ്യ മന്ത്രിയും വീണ ജോർജിനെ സ്പീക്കറും, എം.ബി രാജേഷിനെ മന്ത്രിയുമാക്കിയുള്ള ഒരു മാറ്റത്തിനു, അത്തരമൊരു ഘട്ടത്തിൽ സി.പി.എം തയ്യാറാകാനുള്ള സാധ്യത, രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. കോൺഗ്രസ്സിന്റെ ഉറച്ച ഈ ‘കോട്ട’ ഇടതുപക്ഷം തകർത്താൽ, യു.ഡി.എഫ് എന്ന മുന്നണി തന്നെ പിന്നെ ഈ രൂപത്തിൽ ഉണ്ടാകില്ലന്നാണ് വിലയിരുത്തൽ. ഈ അപകടം മുന്നിൽ കണ്ടു തന്നെയാണ് കോൺഗ്രസ്സ് ദേശീയ നേതൃത്വവും ഇടപെടൽ നടത്തിയിരിക്കുന്നത്. കെ.സി വേണുഗോപാലാണ് എല്ലാ സഹായവും തൃക്കാക്കരയിലേക്ക് എത്തിക്കുന്നത്. തൃക്കാക്കര കൈവിട്ടാൽ സതീശനും സുധാകരനും മാത്രമല്ല കെ.സി വേണുഗോപാലിനെയും അത് സാരമായി ബാധിക്കും. വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ഇടതുപക്ഷം മണ്ഡലത്തിൽ വോട്ട് തേടുന്നത് കെ റെയിൽ വിഷയമാക്കുന്ന പ്രതിപക്ഷത്തിനു, അതിൻ്റെ അനന്ത സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം പ്രതിരോധിക്കുന്നത്. സി.പി.എമ്മിന്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും സംഘടനാ മികവ് മാറ്റുരയ്ക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.സി.പി.ഐയും കേരള കോൺഗ്രസ്സ് ഉൾപ്പെടെയുള്ള ഘടക കക്ഷികളും ഇടതുപക്ഷ വിജയം ഉറപ്പുവരുത്താൻ രംഗത്തുണ്ട്.

യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിനൊപ്പം മുസ്ലീം ലീഗും സജീവമായി രംഗത്തുണ്ട്. എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസ് അപ്രസക്തമാണെങ്കിലും എസ്.എന്‍.ഡി.പി വോട്ടുകളില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിട്ടില്ല.
കേന്ദ്ര – സംസ്ഥാന വിഷയങ്ങള്‍ മുതല്‍… പ്രാദേശിക വിഷയങ്ങള്‍ വരെ, തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ പ്പോസജീവ ചര്‍ച്ചാ വിഷയമാണ്.

 

Top