തൃക്കാക്കരയിലേത് പേയ്മെന്റ് സീറ്റാണെന്നുമുള്ള ആരോപണം പുച്ഛിച്ചുതള്ളുന്നു: പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്നും തൃക്കാക്കരയിലേത് പേയ്മെൻറ് സീറ്റാണെന്നുമുള്ള ആരോപണം പുച്ഛിച്ചുതള്ളുന്നതായി മന്ത്രി പി. രാജീവ്. ഇടത് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് അമ്പരപ്പും ഭയവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാർഥിയെ തന്നെ എൽ.ഡി.എഫ് അവതരിപ്പിച്ചുവെന്നതാണ് എതിർ ക്യാമ്പിലെ ഞെട്ടലിൽ പ്രതിഫലിക്കുന്നത്. ഞങ്ങൾക്കനുകൂലമായ പരമാവധി വോട്ടുകൾ ഏകോപിപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് ജോ ജോസഫ്. അദ്ദേഹത്തിന് വലിയ സ്വീകാര്യത കിട്ടിയിരിക്കുന്നു.

സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം ആശുപത്രിയിലായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അങ്ങോട്ട് പോയത്. വൈദികൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ഹോസ്പിറ്റൽ ഡയറക്ടറായാണ്. പുരോഹിതനായല്ല. അക്കാര്യത്തിൽ ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

Top