തൃക്കാക്കര തെരഞ്ഞെടുപ്പ്; ഉമ തോമസും ജോ ജോസഫും വോട്ടു ചെയ്തു

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 വരെ 7.10 ശതമാനമാണ് പോളിങ്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംഗ്ഷനിൽ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 1,96,805 വോട്ടർമാരുണ്ട്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. വിവാദങ്ങൾ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണു മുന്നണികൾ നടത്തിയത്. മുന്നണികൾക്കു വേണ്ടി മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും വീടുകൾ കയിറിയിറങ്ങി വോട്ടുതേടി.

Top