പി.ടിയോട് മുഖ്യമന്ത്രിക്ക് വാത്സല്യമെന്ന് വെളിപ്പെടുത്തിയതും ഉമ തോമസ് !

തൃക്കാക്കരയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. അതല്ലാതെ വ്യക്തിപരമായ പോരാട്ടമാക്കി മാറ്റുവാൻ ആരു ശ്രമിച്ചാലും അത് നടപ്പുള്ള കാര്യമല്ല. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മൂന്നു മുന്നണികളും മികച്ച സ്ഥാനാർത്ഥികളെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പ്രചരണത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന നേതാക്കളും എം.എൽ.എമാരും എം.പിമാർ ഉൾപ്പെടെ ഉള്ളവരും മണ്ഡലത്തിൽ തമ്പടിച്ചിരിക്കുകയാണ്. പ്രാദേശിക വിഷയങ്ങൾ മുതൽ ദേശീയ വിഷയങ്ങൾവരെ ഉന്നയിച്ചാണ് പ്രചാരണം മുന്നോട്ട് പോകുന്നത്. വികസനം തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യം. കെ റെയിലിന്റെ അനന്ത സാധ്യതയും ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. കെ. റെയിൽ വിവാദത്തിലാണ് പ്രതിപക്ഷവും പ്രതീക്ഷയർപ്പിക്കുന്നത്. ബി.ജെ.പിയും യു.ഡി.എഫും ഒരു പോലെയാണ് വിഷയം ഉയർത്തിക്കാട്ടുന്നത്. ഇടതുപക്ഷം വിജയിച്ചാൽ അത് കെ റെയിൽ പദ്ധതിക്കുള്ള ജനകീയ അംഗീകാരമായി വിലയിരുത്തപ്പെടും മറിച്ചായാൽ കെ റെയിൽ പദ്ധതിക്ക് എതിരായുള്ള വോട്ടായും വ്യാഖ്യാനിക്കപ്പെടും. മുഖ്യമന്ത്രി നേരിട്ടെത്തി വികസനത്തിന് വോട്ട് ചോദിച്ചതോടെ എതിരാളികളും കൂടുതൽ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെ വിവാദമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.മുഖ്യമന്ത്രി ഇടതുപക്ഷ കൺവൻഷനിൽ നടത്തിയ പ്രസംഗത്തിലെ ചില വരികൾ അടർത്തിമാറ്റിയാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഇപ്പോൾ ഇടതുപക്ഷത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നത്.

തൃക്കാക്കര കഴിഞ്ഞ തവണ ഇടതുപക്ഷത്തെ കൈവിട്ടത് പരാമർശിച്ചാണ് മുഖ്യമന്ത്രി തൃക്കാക്കരക്ക് അബദ്ധം പറ്റിയതെന്ന് പറഞ്ഞിരിക്കുന്നത്. ഇതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റുകൂടിയാണ്. ഇടതുപക്ഷം പരാജയപ്പെട്ട ഏത് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നാലും സമാനമായ പ്രതികരണം തന്നെയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുക.ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരമായി കാണണമെന്ന് പറയേണ്ടതും പിണറായിയുടെ ബാധ്യതയാണ്. കാരണം അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല സി.പി.എം നേതാവ് കൂടിയാണ്. ഉപതിരഞ്ഞെടുപ്പിൽ തന്റെ മുന്നണിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം ക്യാപ്റ്റനായ പിണറായിക്കു തന്നെയാണുള്ളത്. അദ്ദേഹം ആ കടമ നിർവ്വഹിക്കുമ്പോൾ അതിനെ രാഷ്ട്രീയപരമായാണ് യു.ഡി.എഫും നേരിടേണ്ടത്.അതല്ലാതെ വാക്കുകൾ വളച്ചൊടിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നത് ശരിയായ രാഷ്ട്രീയമല്ല. പി.ടി പോലും സഞ്ചരിക്കാത്ത വഴിയാണത്.

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി മന്ത്രി പി രാജീവും രംഗത്തു വന്നിട്ടുണ്ട്.”ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാനുള്ള സൗഭാഗ്യം എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നാണ് രാജീവും വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാൻ തൃക്കാക്കരയിലെ ജനങ്ങൾക്ക് ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല. ആ അർത്ഥത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം. കോൺ​ഗ്രസിൽ നിന്ന് വലിയ ഒഴുക്കാണ് ഇടതുപക്ഷത്തേക്കുള്ളതെന്നും സ്വീകരണ കേന്ദ്രങ്ങളിൽ ഇത് പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു.ഡി.എഫിന്റെ സമനില തെറ്റിയതു കൊണ്ടാണ് കുപ്രചരണങ്ങളുമായി അവർ ഇറങ്ങിയിരിക്കുന്നത് എന്നാണ് മന്ത്രിയുടെ വാദം. സമാനമായ പ്രതികരണം തന്നെയാണ് മറ്റു സി.പി.എം നേതാക്കളും നടത്തിയിരിക്കുന്നത്. ഇതോടെ ശക്തമായ വാദ പ്രതിവാദങ്ങൾക്കു കൂടിയാണ് തൃക്കാക്കര മണ്ഡലം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രിക്ക് പി.ടിയോട് പകയുണ്ടെന്ന് വരുത്തി തീർക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ പി.ടിയുടെ ഭാര്യ ഉമയുടെ വാക്കുകൾ ‘ആയുധമാക്കിയാണ്’ മറുവിഭാഗവും തിരിച്ചടിക്കുന്നത്.

‘മുഖ്യമന്ത്രിക്ക് പിടിയോട് വലിയ വാത്സല്യമായിരുന്നു” എന്നാണ്, ഉമ മുൻപ് തുറന്നു പറഞ്ഞിരുന്നത്. 2021 ഡിസംബർ 29ന് മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ… ഇക്കാര്യം സ്ഥാനാർത്ഥിയായ ഉമ മറന്നാലും രാഷ്ട്രീയ കേരളം മറക്കില്ലന്നാണ് ഇടതു കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.പി.ടി തോമസും മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി നേർക്കു നേർ… പോരാടിയ നേതാക്കളാണ്. അതാകട്ടെ ഒരിക്കലും വ്യക്തപരമായിരുന്നുമില്ല. മുഖത്തു നോക്കി കാര്യം പറയുന്ന ഈ രണ്ടു നേതാക്കളുടെയും പ്രതികരണങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ പറന്നു നടക്കുന്നുണ്ട്. സംശയം ഉള്ളവർക്ക് അതും പരിശോധിക്കാവുന്നതാണ്.പി.ടി പടവെട്ടി ജയിച്ച തൃക്കാക്കരയിൽ ഇത്തവണ നടക്കുന്നത് പൊരിഞ്ഞ പോരാട്ടമാണ്. ഇടതുപക്ഷത്തിന് കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി തന്നെയാണ് ജോ ജോസഫ്. അദ്ദേഹത്തിന് ഇടതുപക്ഷ അണികളിൽ വലിയ ആവേശം സൃഷ്ടിക്കാനും ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. നിയമസഭയിൽ 100 തികച്ചാൽ ആ മാറ്റം മന്ത്രിസഭയിൽ പ്രകടമാകാനുള്ള സാധ്യതയും, ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ കൂടുതലാണ്…

EXPRESS KERALA VIEW

Top