ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് അധികവേഗത; മാക്-3 സൂപ്പര്‍സോണിക് വിമാനം ഒരുങ്ങുന്നു

വാഷിംഗ്ടണ്‍: ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് അധികവേഗതയുള്ള മാക് – 3 സൂപ്പര്‍സോണിക് വിമാനം നിര്‍മിക്കാന്‍ ഒരുങ്ങി ബഹിരാകാശ ടൂറിസം കമ്പനിയായ വിര്‍ജിന്‍ ഗലാക്ടികും റോള്‍സ് റോയ്‌സും. 1976 മുതല്‍ 2003 വരെ മാക് -2വില്‍ സഞ്ചരിച്ചിരുന്ന കോണ്‍കോഡിനേക്കാള്‍ വേഗതയിലുള്ളതാണ് മാക് -3 സൂപ്പര്‍സോണിക് വിമാനം.

ത്രികോണാകൃതിയിലുള്ള ‘ഡെല്‍റ്റ ചിറകു’മായി 9 മുതല്‍ 19 യാത്രക്കാരെ വഹിച്ച് 60,000 അടി ഉയരത്തില്‍ (18,000 മീറ്റര്‍ സാധാരണ വിമാനത്തേക്കാള്‍ രണ്ടിരട്ടി ഉയരെ) പറക്കാന്‍ കഴിയുന്ന വിമാനത്തിന്റെ രൂപകല്‍പന പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴത്തെ വിമാനത്താവളങ്ങളില്‍നിന്നു പറന്നുയരാനും തിരിച്ചിറങ്ങാനും ഈ വിമാനത്തിനു കഴിയും.

അതേസമയം, ഇന്ധനക്ഷമത, അമിതശബ്ദം എന്നിവയാണ് ഈ വിമാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തെര്‍മല്‍ മാനേജ്മെന്റ്, അറ്റകുറ്റപ്പണി, ശബ്ദം, മലിനീകരണം, സാമ്പത്തിക ബാദ്ധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കൃത്യമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വിര്‍ജിന്‍ ഗലാക്ടിക് അധികൃതര്‍ വ്യക്തമാക്കി.

Top