അതുല്യ ഗായകന്‍ എസ്പിബി ഓര്‍മയായിട്ട് മൂന്ന് വര്‍ഷം

സംഗീതലോകത്ത് തലമുറകളുടെ ആവേശമായിരുന്ന എസ് പി ബാലസുബ്രമണ്യം ഓര്‍മയായിട്ട് മൂന്ന് വര്‍ഷം. 2020 സെപ്റ്റംബര്‍ 25നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന വിസ്മയം വിടവാങ്ങിയത്. ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേര്‍ന്നു നിന്ന എസ്പിബി എന്ന ആ മൂന്നക്ഷരത്തെ ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കില്ല.

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്റെ പുഴയായി ആസ്വാദകരുടെ കാതുകളില്‍ ഒഴുകിയെത്തി. ഒരുപക്ഷേ അദ്ദേഹത്തെ പോലെ ലോകമെമ്പാടുമുള്ള ജന മനസ്സുകളില്‍ കുടിയേറിയ മറ്റൊരു ഗായകനുണ്ടോ എന്നത് സംശയമാണ്. ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്പിബിയെ ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേത്തുനിര്‍ത്തിയത്.

സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ എസ്പിബി തിളങ്ങി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരില്‍. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ എസ്പിബി ആലപിച്ചു.

1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബിയുടെ ജനനം. ചെറുപ്പകാലത്ത് നിരവധി സംഗീത മത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു.

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നാലു ഭാഷകളിലായി ആറ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം 24 തവണയും പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷന്‍ എന്നിവയുെ എസ്പിബി നേടിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന പ്രത്യേകതയും സംഗീതസംവിധായകന്‍, രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന മികവുമുണ്ട് എസ്പിബിയ്ക്ക്. റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ എസ്പിബി ഇന്നും തന്റെ ശബ്ദമാധുര്യത്തിലൂടെ തലമുറകളെ വിസ്മയിപ്പിക്കുന്നു.

Top