ഗുജറാത്തിൽ മൂന്ന് വയസുകാരി കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്

അഹ്മദാബാദ്: ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരകയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു എന്നാണ് ഡെപ്യൂട്ടി കളക്ടര്‍ എച്ച്.ബി ബഗോറ പറഞ്ഞത്.

പ്രദേശവാസികള്‍ക്കും ലോക്കല്‍ പൊലീസിനും അഗ്നിശമന സേനയ്ക്കും ഒപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 30 അടി താഴ്ചയുള്ള കിണറിലേക്ക് കുട്ടി വീണുപോയത്. ഏതാണ്ട് പത്തടിയോളം കുട്ടിയെ ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും തേടി. ഗാന്ധിനഗറില്‍ നിന്ന് വൈകുന്നേരം മൂന്ന് മണിയോടെ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പോയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

Top