ഡൽഹി : ക്രൈസ്തവ സഭകളിലെ നിർബന്ധിത കുമ്പസാരത്തിനെതിരെയുള്ള ഹർജ്ജികൾ പരിഗണിക്കണമോ എന്ന കാര്യത്തിൽ സുപ്രിം കോടതി മൂന്നാഴ്ചയ്ക്ക് ശേഷം തിരുമാനം കൈകൊള്ളും. ഹർജിക്കാരായ 5 യുവതികൾക്ക് ഹർജിയിൽ ഭേഭഗതി വരുത്താൻ മൂന്നാഴ്ച സമയം അനുവദിച്ചു. വിവിധ ക്രൈസ്തവ സഭകളിലെ നിർബന്ധിത കുമ്പസാരം മതപുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാൽ ഇത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയിൽ ഹർജി സമർപ്പിയ്ക്കപ്പെട്ടത്.
മലങ്കര സഭയിലെ ഓർത്തഡോക്സ് – യാക്കോബായ വിഷയമാണ് ഹർജിയ്ക്ക് ആധാരമെന്ന് ഹർജ്ജിയിൽ അഭിപ്രായം പറഞ്ഞ കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രശ്‌നം 2017ൽ ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിൽ ഉള്ള ബെഞ്ച് വിധി പറഞ്ഞതാണെന്നും അറ്റോർണി ജനറൽ അറിയിച്ചു. 2017 ലെ വിധിയിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും അതിനാൽ സുപ്രിംകോടതിയാണ് നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജി കേൾക്കേണ്ടതെന്നും ആയിരുന്നു റോഹ്‌തഗിയുടെ മറുപടി.
എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനി മാത്യു എന്നിവരാണ് സുപ്രിം കോടതിയ്ക്ക് മുന്നിൽ നിർബന്ധിത കുമ്പസാരത്തിനെതിരെ ഹർജിയുമായി എത്തിയത്. നിർബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നും സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണോ എന്നും കോടതി പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.