കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ്ബോട്ടുകള്‍ക്ക് തീപിടിച്ച് മൂന്ന് വിനോദയാത്രികര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് വിനോദയാത്രികര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി ബോട്ടുകള്‍ കത്തിനശിച്ചു. ഇവയ്ക്കിടയില്‍ മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ചവരില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ബംഗ്ലാദേശില്‍ നിന്നുള്ള വിനോദയാത്രക്കാരായ ഇവര്‍ സഫീന എന്ന ഹൗസ്ബോട്ടില്‍ രാത്രി കഴിയവേയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ ബോട്ടും പൂര്‍ണമായും കത്തിനശിച്ചു.

കുറഞ്ഞത് അഞ്ച് ഹൗസ് ബോട്ടുകളെങ്കിലും പൂര്‍ണമായി കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തടാകത്തിലെ ഘാട്ട് നമ്പര്‍ ഒന്‍പതിനു സമീപമുള്ള ഒരു ഹൗസ് ബോട്ടിലാണ് ആദ്യം തീ പടര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കി. പെട്ടെന്നുതന്നെ ഇത് മറ്റു ബോട്ടുകളിലേക്കും വ്യാപിച്ചു. മറ്റു ചില ബോട്ടുകള്‍ക്കും, ഹട്ടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കോടികളുടെ നഷ്ടം കണക്കാക്കുന്നു.

Top