ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ പിടിയിലായത് മൂന്നംഗസംഘം!

കൊച്ചി: ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയിലായി. സൗത്ത് പുതുവൈപ്പ് സ്വദേശികളായ രാഹുല്‍.ടി.എസ്, നഹാസ്.പി.എസ്, വിനീഷ് നായര്‍ എന്നിവരെ കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

പുതുവൈപ്പിന്‍ പ്രിയദര്‍ശനി റോഡിലുള്ള വീട് കേന്ദ്രമാക്കി കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു ഇവര്‍. ഓണക്കാലത്ത് വിറ്റഴിക്കാനായി പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്.

ഇരുപത് കിലോ കഞ്ചാവ് കൈവശമുണ്ടായിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പല ഭാഗങ്ങളിലായി വിറ്റഴിച്ചു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കി.

ഓണവിപണി ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ എക്‌സൈസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Top