Three suspected RAW operatives arrested from PoK for anti-state activities, say Pakistani media

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച നടപടിക്കു പിന്നാലെ മൂന്ന് ഇന്ത്യന്‍ ചാരന്‍മാരേക്കൂടി അറസ്റ്റു ചെയ്തതായി പാക്കിസ്ഥാന്‍.

പാക്ക് അധികൃതരെ ഉദ്ധരിച്ച് ‘ദ എക്‌സപ്രസ് ട്രിബ്യൂണാ’ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖലീല്‍, ഇംത്യാസ്, റാഷിദ് എന്നീവരെയാണ് അറസ്റ്റു ചെയ്തതെന്ന് പാക്ക് പൊലീസിനെ ഉദ്ധരിച്ച് ജിയോ ന്യൂസും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി (സിപിഇസി) ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചവരാണ് പിടിയിയാലതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) ഏജന്റുമാരാണ് പിടിയിലായവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പലതവണ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള ഇവര്‍, ഏറെക്കാലമായി ഇന്ത്യന്‍ ചാരന്‍മാരായി പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. പാക്കിസ്ഥാനിലെ അബ്ബാസ്പുരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലു ഇവര്‍ക്കു പങ്കുണ്ടെന്നു ആരോപണമുണ്ട്.

ഇന്ത്യന്‍ സൈന്യത്തിലെയും ‘റോ’യിലെയും ഉദ്യോഗസ്ഥരായ മേജര്‍ രന്‍ജീത്, മേജര്‍ സുല്‍ത്താന്‍ എന്നിവരും മറ്റൊരു ഉദ്യോഗസ്ഥനും ഇവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും പാക്കിസ്ഥാന്‍ ആരോപിച്ചു. അതേസമയം, സംഭവത്തേക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

സിപിഇസി പദ്ധതി, റവാലക്കോട്ടെ സംയുക്ത മിലിട്ടറി ആശുപത്രി, ചൈനീസ് എന്‍ജിനീയര്‍മാര്‍, പാക്ക് അധീന കശ്മീരിലെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ എന്നിവ ചോര്‍ത്തുന്നതിനായിട്ടാണ് ‘റോ’ ഇവരെ അയച്ചതെന്നും പാക്ക് പൊലീസ് അവകാശപ്പെട്ടു.

പാക്കിസ്ഥാനിലെ ഭീകരവാദ വിരുദ്ധ നിയമം അനുസരിച്ചാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പാക്കിസ്ഥാനിലെ ഭീകരവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കും.

Top