ടി20 ലോകകപ്പ്‌ പാക് വിജയം ആഘോഷിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ യുപിയില്‍ അറസ്റ്റില്‍

ലക്‌നൗ: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ പാകിസ്താന്റെ ജയം ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.

അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവരും ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഇന്ത്യ-പാക് മത്സര ശേഷം പാകിസ്താന് അനുകൂലമായി ഇവര്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പൊലീസ് നടപടി. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. ഇവര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തി. പിന്നീടാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര സിറ്റി പോലീസ് സൂപ്രണ്ട് വികാസ് കുമാര്‍ പറഞ്ഞു.

Top