മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

മലപ്പുറം: മലപ്പുറത്ത് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിലാണ് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദില്‍ (15), മുഹമ്മദ് നസല്‍ (15), ജഗനാഥന്‍ (15) എന്നിവരെയാണ് കാണാതായതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച്ച വൈകുന്നേരം 5:30 മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്ന് ബന്ധുക്കള്‍ പറയുന്നു. മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. ഇവര്‍ ഒരേ ക്ലാസിലാണ് പഠിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Top