ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയ്ക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ അമേരിക്കന്‍ എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയില്‍ റോക്കറ്റാക്രമണം.സര്‍ക്കാര്‍ ഓഫീസുകളും വിദേശരാജ്യങ്ങളുടെ എംബസികളും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണില്‍ മൂന്ന് റോക്കറ്റുകള്‍ പതിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റോക്കറ്റുകള്‍ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകള്‍ മുഴങ്ങി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാന്‍ അനുകൂലമായി ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധസൈനിക വിഭാഗങ്ങളാണെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. ഇതിനോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനുവരി 3ന് ഇറാന്‍ സൈനിക ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരുന്നു. തിരിച്ചടിയായി ഇറാക്കിലെ യുഎസ് സൈനികതാവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയിരുന്നു.

ഇറാഖ് സര്‍ക്കാരിന്റെ പരിഷ്‌കരണനടപടികള്‍ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളില്‍ വിവിധ ഇറാഖ് നഗരങ്ങളിലായി അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top