കാക്കനാട് നിക്ഷേപം സമാഹരിച്ച് തട്ടിപ്പ് നടത്തിയ കമ്പനി എംഡി ഉൾപ്പെടെ 3 പേർ പിടിയിൽ

കാക്കനാട് : തൃക്കാക്കര വള്ളത്തോൾ ജംക‍്ഷനിലെ ‘റിങ്സ് പ്രമോസ് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയുടെ ലാഭ വിഹിതം നൽകാമെന്നു പറ‍ഞ്ഞു ഒട്ടേറെ പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ ചേരാനല്ലൂർ എടയപ്പുറം അറയ്ക്കൽ ജെയ്സൺ ജോയ് (42), സഹോദരനും ഡയറക്ടറുമായ ജാക്സൺ ജോയ് (39), ജീവനക്കാരൻ മാവേലിക്കര താമരക്കുളം കുറ്റിയിൽ ഷിനാജ് ഷംസുദ്ദീൻ (28) എന്നിവരാണ് പിടിയിലായത്.

നിക്ഷേപം കൊണ്ടു വിവിധ ബിസിനസുകളും ഓൺലൈൻ ഇടപാടുകളും നടത്തി ലാഭ വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. ഏറെനാൾ കാത്തിരുന്നിട്ടും ലാഭ വിഹിതം കിട്ടാതിരുന്ന നിക്ഷേപകർ കമ്പനി അധികൃതരെ സമീപിച്ചപ്പോൾ കമ്പനിയുടെ ഉൽപന്നങ്ങൾ വിൽക്കുന്ന ഫ്രാഞ്ചൈസികൾ ആയാൽ മാത്രമേ ലാഭ വിഹിതം നൽകാനാകൂവെന്നായിരുന്നു മറുപടി. പണം നഷ്ടപ്പെട്ടവരിൽ പലരും മറ്റു മാർഗമില്ലാതെ കടമുറികൾ വാടകയ്ക്കെടുത്തു ഫ്രാഞ്ചൈസികൾ തുടങ്ങി. മുറിയുടെ വാടക നൽകാമെന്ന് പറ‍ഞ്ഞെങ്കിലും അതും ലഭിച്ചില്ല
ഫ്രാഞ്ചൈസികളിലേക്ക് വിൽപനക്കായി എത്തിച്ച മാട്ടിറച്ചി ഗുണനിലവാരമില്ലാത്തതിനാൽ വാങ്ങിയവർ തിരികെ നൽകി. പരാതിയുമായി ഫ്രാഞ്ചൈസി നടത്തിപ്പുകാർ കമ്പനി അധികൃതരെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നു പറഞ്ഞു ചില ഫ്രാഞ്ചൈസി നടത്തിപ്പുകാർക്കെതിരെ വക്കീൽ നോട്ടിസും അയച്ചു.

നിക്ഷേപകർക്ക് പണം തിരികെ കിട്ടണമെങ്കിൽ മറ്റു നാലു നിക്ഷേപകരെ കണ്ടെത്തി നൽകണമെന്നായിരുന്നു കമ്പനി അധികൃതരുടെ ആവശ്യം. സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കടവന്ത്ര സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ പ്രതികൾ പിടിയിലായതറിഞ്ഞു പൊലീസിനെ സമീപിക്കുന്നുണ്ട്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയുടെ പേരിൽ തട്ടിപ്പിലൂടെ കോടികൾ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ പുലർച്ചെ ആലുവയിലെ വാടക വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.വി.ബേബി, ഇൻസ്പെക്ടർ ആർ.ഷാബു, എസ്ഐമാരായ എൻ.ഐ.റഫീഖ്, ധർമജൻ, സിവിൽ പൊലീസ് ഓഫിസർമാരായ നൗഷാദ്, വൈശാഖ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. സ്ഥാപനത്തിൽ നിന്ന് കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാമഗ്രികളു രേഖകളും പിടിച്ചെടുത്തു.

Top