പതിനേഴുകാരനെ പീഡിപ്പിച്ച ബന്ധു ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പരിയാരത്ത് പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു (62) കുഞ്ഞിരാമൻ (74), മോഹനൻ (54) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ കുഞ്ഞിരാമൻ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പേരും വിദ്യാർത്ഥിയെ പല തവണ പീഡിപ്പിച്ചതായാണ് പരാതി.

വിദ്യാർത്ഥിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമൻ ഇക്കഴിഞ്ഞ ജൂൺ 24 ന് സ്വന്തം വീട്ടിൽ വച്ച് വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു. 2017 ഏപ്രിൽ മാസത്തിൽ പല ദിവസങ്ങളിലായി പ്രതി വാസു വിദ്യാർത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. കൂടാതെ ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനൻ വിദ്യാർത്ഥിയെ റോഡരികിലെ കാട്ടിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്. സംശയം തോന്നിയ വിദ്യാർത്ഥിയുടെ അമ്മാവൻ ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു.

പണവും ചായയും നൽകാമെന്ന് പറഞ്ഞാണ് മൂന്നു പേരും വിദ്യാർത്ഥിയെ പല തവണ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറയുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Top