വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും കാണാതായ കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി

 

 

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് കാണാതായ നാല് കുട്ടികളില്‍ മൂന്ന് പേരെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികളെയാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം കാണാതായ യുപി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഏറനാട് എക്‌സ്പ്രസ് കയറിയാണ് കുട്ടികള്‍ നാടുവിടാന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ കൂട്ടുകാരെ ഫോണില്‍ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കുകയുമായിരുന്നു. കുട്ടികളെ രാത്രിയോടെ കോഴിക്കോട്ട് എത്തിക്കും.

15,16 വയസ് പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ് ഇന്നലെ രാത്രിയോടെ കാണാതായത്. ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ പുറത്ത് കടന്നത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് രണ്ട് ബ്ലോക്കുകളിലായി കഴിഞ്ഞിരുന്ന 4 കുട്ടികള്‍ ശുചിമുറികളുടെ വെന്റിലേറ്റര്‍ ഗ്രില്‍ തകര്‍ത്തത്. ജീവനക്കാര്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ടിവിയുടെ ശബ്ദം കൂട്ടിവച്ചു.

സ്ഥലത്തുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ തലയണയും വിരിയുമുപയോഗിച്ച് കിടക്കയില്‍ ആള്‍രൂപമുണ്ടാക്കി. തുടര്‍ന്ന് 11 മണിയോടെയാണ് കുട്ടികള്‍ പുറത്ത് കടന്നത്. കഴിഞ്ഞ വര്‍ഷം വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് കുട്ടികളെ കാണാതായിരുന്നു. അന്ന് ഇവിടത്തെ സുരക്ഷാപ്രശ്‌നങ്ങളും ജീവനക്കാരുടെ കുറവും വിവാദമായതോടെ ബാലമന്ദിരത്തിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു. നാലു പേര്‍ കടന്നു കളഞ്ഞ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Top