രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, അജിത് കുമാര്‍ ബോയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ പാര്‍ലമെന്റ് നടപടി നേരിടുന്ന എംപിമാരുടെ എണ്ണം 27 ആയി. രാജ്യസഭയിലെ 20 എംപിമാരെയും, ലോക്‌സഭയിലെ നാല് എംപിമാരെയും കഴിഞ്ഞ ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചതിനാണ് നടപടി. സഭ തുടങ്ങുമ്പോള്‍ തന്നെ ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. ഇതിന് ശേഷവും പ്രതിഷേധിച്ചവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ജിഎസ്ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പാര്‍ലമെന്റില്‍ എംപിമാരുടെ പ്രതിഷേധം. മാപ്പുപറയാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കില്ലെന്ന ഉറപ്പ് നല്‍കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങല്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 50 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹം നടത്തിയിരുന്നു.

 

Top