കാര്‍ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിൽ

കായംകുളം: കാര്‍ യാത്രികരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ തട്ടിയെടുത്ത എട്ടു ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. പണം വയലില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി പത്തിയൂര്‍ കിഴക്ക് കൃഷ്ണഭവനത്തില്‍ അഖില്‍ കൃഷ്ണ (26), എരുവ മാവിലേത്ത് ശ്രീരംഗം അശ്വിന്‍ (26), എരുവ ചെറുകാവില്‍ തറയില്‍ ശ്യം (30) എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ മൂന്നാം പ്രതി ചിറക്കടവം വിനോദ് ഭവനില്‍ മിഥുനെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസില്‍ നാല് പേരെ കുടി പിടികൂടാനുണ്ട്.

സിപിഎം കൊറ്റുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി കിഴക്കയത്ത് ഷാജഹാന്‍, ബന്ധു പൊന്നാറ വീട്ടില്‍ മുഹമ്മദ് റാഫി, മൈമൂനത്ത് എന്നിവര്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞു നിര്‍ത്തി അക്രമിച്ച് 9.85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്. പിടിയിലാവരെ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് എട്ടു ലക്ഷം രൂപ ഇവര്‍ പത്തിയൂര്‍ പുഞ്ചയില്‍ കുഴിച്ചിട്ടതായി അറിഞ്ഞത്.

തുടര്‍ന്ന് പൊലീസ് ഇവരുമായി സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പണം കണ്ടെടുത്തു. ബാക്കിയുള്ള 185000 രൂപ പെലീസ് തിരയുന്ന മറ്റൊരു പ്രതി റിജൂസിന്റെ പക്കലാണെന്ന് ഇവര്‍ പറഞ്ഞു. മറ്റ് പ്രതികള്‍ക്കായ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി.

മുഹമ്മദ് റാഫിയുടെ ബന്ധു അഹമ്മദ്ഖാന്‍ എരുവ സ്വദേശികളായ നാല് പേരെ നേരത്തെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. ബിസിനസ് പങ്കാളികളായ ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഇവര്‍ നാട്ടില്‍ എത്തി. നാട്ടില്‍ എത്തിയിട്ടും അഹമ്മദ്ഖാന് ബിസിനസിന്റെ ലാഭവിഹിതം കിട്ടുന്നുണ്ടെന്ന് പ്രതികള്‍ക്ക് മനസിലായി. എന്നാല്‍ അഹമദ്ഖാന്‍ ലാഭവിഹിതത്തില്‍ പങ്ക് ഇവര്‍ക്ക് നല്‍കിയിരുന്നില്ല.

അഹമദ്ഖാന്‍ വീടിന് സമീപത്തെ വസ്തു വാങ്ങുന്നതിന് പണവുമായി എത്തുന്നതറിഞ്ഞാണ് ആക്രമണം നടത്തിയവര്‍ ഇവരെ പിന്തുടര്‍ന്നത്. എന്നാല്‍ വാഹനത്തില്‍ അഹമ്മദ്ഖാന്‍ ഇല്ലായിരുന്നു. വാഹനം തടഞ്ഞു നിര്‍ത്തിയതിനെ തുടര്‍ന്ന് വാക്കേറ്റവും അക്രമവും ഉണ്ടായി. ഇതിനിടെ കാറില്‍ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്ത് ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം സ്വദേശി യാസറാണ് ഇവര്‍ക്ക് പണം നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നാലുപേര്‍ അഹമദ്ഖാന്റെ ഗള്‍ഫിലെ ബിസിനസ് പങ്കാളികളും, മറ്റ് നാല് പേര്‍ ഇവരുടെ സുഹൃത്തുകളുമാണെന്നും പൊലീസ് പറഞ്ഞു. പിടികിട്ടാനുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Top