Three mistaken decisions of CM Pinarayi

പിണറായി സര്‍ക്കാരിന്റെ ശോഭ കെടുത്തിയത് മൂന്ന് തീരുമാനങ്ങള്‍

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എം കെ ദോമാദരനെ നിയമിച്ചതിലല്ല പിണറായിക്ക് പിഴവ് പറ്റിയത്. അദ്ദേഹം സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ഹാജരാകുന്നത് വിലക്കാതിരുന്നതിനാണ്.

വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ ശക്തമായി എതിര്‍ത്ത ലോട്ടറി രാജാവിന് വേണ്ടി (സാന്റിയാഗോ മാര്‍ട്ടിന്‍) ഹൈക്കോടതിയില്‍ ഹാജരായ ദാമോദരന്റെ നടപടി ഒരു തുടക്കം മാത്രമായിരുന്നു.

ഈ കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെയാണ് വാദമെന്ന് വാദിക്കാമെങ്കില്‍ കശുവണ്ടി കേസില്‍ കേരള വിജിലന്‍സ് എതിര്‍കക്ഷിയായ കേസിലും ഇപ്പോള്‍ ക്വാറി ഉടമകള്‍ക്ക് വോണ്ടിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഹാജരാകാന്‍ പോകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അഴിമതിക്കെതിരെ ഇടതുമുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണിത്.

രണ്ടാമത്തെ തീരുമാനം വിജിലന്‍സ്-ക്രിമിനല്‍ കേസുകളില്‍ പ്രതികളും ഗുരുതര ആരോപണങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുമായ ഐപിഎസ് ഉദ്യോഗസ്ഥരെ തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമിച്ചു എന്നുള്ളതാണ്.

കോപ്പിയടി സംഭവത്തില്‍ പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ ഐജി ടി ജെ ജോസ്, കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ എസ് പി രാഹുല്‍ ആര്‍ നായര്‍, വിജിലന്‍സ് കേസില്‍ പ്രതിയും നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐജി ശ്രീജിത്ത്, തൃശ്ശൂര്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റത്തിന് സ്ഥലം മാറ്റപ്പെട്ട മുന്‍ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബ് തുടങ്ങിയവരെ യുഡിഎഫ് സര്‍ക്കാര്‍ പോലും നിയമിക്കാന്‍ മടിച്ച പ്രധാന തസ്തികകളില്‍ നിയമിച്ചുവെന്നത് പിണറായി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് വന്‍ തിരിച്ചടിയാണ്.

ജേക്കബ് തോമസിനെ പോലെ ഏറ്റവും ശക്തനും നീതിമാനുമായ ഒരു ഐപിഎസ് ഓഫീസറെ വിജിലന്‍സ് ഡയറക്ടറാക്കിയത് വഴി സര്‍ക്കാരിനുണ്ടായ പ്രതിച്ഛായയാണ് ഇതുവഴി നഷ്ടമായത്.

സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമനം നല്‍കിയ ഇവരില്‍ പലരും നിലവില്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ് എന്നത് വിജിലന്‍സ് ഡയറക്ടറെ സംബന്ധിച്ചും ഗൗരവപരമായി പരിശോധിക്കേണ്ട കാര്യം തന്നെയാണ്.

മാധ്യമ പ്രവര്‍ത്തകനായ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതിയായ ഡിവൈഎസ്പി അബ്ദുള്‍ റഷീദുമൊന്നിച്ച് ഡിവൈഎസ്പിമാരുടെ സംഘടനയുടെ വേദി പങ്കിട്ടതും മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്കേറ്റ വലിയ തിരിച്ചടിയാണ്.

സിബിഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഒരു പ്രതി അദ്ധ്യക്ഷനായ പരിപാടിയില്‍ എന്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും മുഖ്യമന്ത്രി പോവരുതായിരുന്നു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ അതിനെതിരെ നടപടി സ്വീകരിച്ച് പൊതു സമൂഹത്തിന് വ്യക്തമായ സന്ദേശം പകരാന്‍ കഴിയണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ഇപ്പോള്‍ പ്രതിപക്ഷം മാത്രമല്ല പൊതുസമൂഹത്തിനിടയില്‍ രാഷ്ട്രീയ വ്യത്യാസമന്യേ ഈ നിലപാടുകളില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.

‘അഴിമതിയുടെ ദുര്‍ഗന്ധം ഇനിയും നമ്മള്‍ സഹിക്കണമോ ?’ എന്ന ചോദ്യവുമായി തിരഞ്ഞെടുപ്പില്‍ വ്യാപകമായ കാമ്പയിന്‍ നടത്തിയ ഇടതുപക്ഷത്തോട് തിരിച്ച് ആ ചോദ്യം തന്നെയാണ് ഇപ്പോള്‍ പൊതുസമൂഹവും ചോദിക്കുന്നത്.

എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ക്ക് തന്നെ എന്താണ് ശരിയായതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവുമുണ്ട്.

അഴിമതിക്കെതിരെ വാ തോരാതെ പ്രസംഗിക്കുന്ന വിഎസ് അച്യുതാനന്ദനും ഇക്കാര്യത്തില്‍ മറുപടി പറയണം.

സാന്റിയാഗോ മാര്‍ട്ടിന്റെയും ‘കശുവണ്ടി’ ചന്ദ്രശേഖരന്റെയും ക്വാറി ഉടമകളുടെയുമെല്ലാം താല്‍പര്യത്തിനായി പോരാടുന്ന അഭിഭാഷകന്‍ നിയമോപദേശം നല്‍കുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ താങ്കള്‍ എന്ത് ഭരണപരിഷ്‌കരണമാണ് മുന്നോട്ട് വയ്ക്കാന്‍ പോകുന്നത് ? കഷ്ടം.

Team Express Kerala

Top