മണിപ്പൂരില്‍ അച്ഛനും മകനുമടക്കം കാണാതായ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

ഗുവാഹത്തി : മണിപ്പൂരില്‍ ബുധനാഴ്ച കാണാതായ മെയ്തി വിഭാഗത്തില്‍ നിന്നുള്ള നാലുപേരില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടുപേര്‍ അച്ഛനും മകനുമാണ്. ബിഷ്ണുപുര്‍ ജില്ലയിലെ കുംബി ഹോടക് ഗ്രാമത്തില്‍ നിന്നുള്ള ഇബോംച സിങ് (51), മകന്‍ ആനന്ദ് സിങ് (20), ഇവരുടെ അയല്‍വാസിയായ റോമന്‍ സിങ് (38) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മലയടിവാരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരണകാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. കാണാതായ ദാരാ സിങ് എന്നയാള്‍ക്കായി സുരക്ഷാ സേനയും പോലീസും തിരച്ചില്‍ നടത്തുകയാണ്.

മെയ്തി വിഭാഗക്കാര്‍ കൂടുതലായുള്ള ബിഷ്ണുപുര്‍ ജില്ലയുടെയും കുംകി വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യമുള്ള ചുരചന്ദപുര്‍ ജില്ലയുടെയും അതിര്‍ത്തി പ്രദേശത്താണ് ഇവരുടെ ഗ്രാമം. അടുത്തുള്ള കുന്നില്‍ നിന്ന് വിറക് ശേഖരിക്കാനായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നാലുപേരും വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ തിരച്ചിൽ നടത്തി.

ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ ജില്ലാ അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നിരുന്നു. എട്ടുമാസത്തോളമായി മണിപ്പൂരില്‍ തുടരുന്ന കലാപത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നിട്ടുണ്ട്.

Top