കാലിക്കറ്റ് സര്‍വകലാശാല കൈക്കൂലി സംഭവം; അന്വേഷിക്കാന്‍ മൂന്നംഗ സമിതി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല കൈക്കൂലി സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം.ഇവരോട് രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വിസിയുടെ നിര്‍ദ്ദേശം. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനായാണ് പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫീസറും അസിസ്റ്റന്റും ബിരുദ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.

ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണത്തിന് സര്‍വ്വകലാശാല തുടക്കമിടുന്നത്. പിഴവ് തിരുത്തുന്നതിന്റെ പേരില്‍ ചലാനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. അന്‍പതുരൂപയുടെ ചലാന്‍, 1350 രൂപയാക്കി എഡിറ്റ് ചെയ്യുകയും വിദ്യാര്‍ത്ഥിയോട് 5000 രൂപ ഓണ്‍ലൈന്‍ വഴി വാങ്ങിയെന്നും പ്രാഥമികാന്വേഷണത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Top