മൂന്ന് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരം അടച്ച് ചൈന

ഹെനാന്‍: മൂന്ന് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ചൈനീസ് നഗരം അടച്ചു പൂട്ടി. സെന്‍ട്രല്‍ ചൈനയിലെ യുസൊ എന്ന നഗരമാണ് അടച്ചു പൂട്ടിയത്. ഹെനാന്‍ പ്രവിശ്യയിലെ ഈ നഗരത്തില്‍ 17 ലക്ഷത്തോളം ജനങ്ങളാണുള്ളത്.

തിങ്കളാഴ്ച മുതല്‍ ഈ നഗരത്തിലെ ജനങ്ങള്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി ചൈന സ്വീകരിക്കുന്ന സീറോ കൊവിഡ് നയത്തിന്റെ ഭാഗമായാണ് നഗരത്തിലെ നിയന്ത്രണം. ചെറിയ തോതിലുള്ള കൊവിഡ് കേസുകളില്‍ പോലും ശക്തമായ നിയന്ത്രണമാണ് ചൈന കൊണ്ട് വരുന്നത്.

ചൊവ്വാഴ്ച ചൈനയില്‍ ആകെ 175 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെയധികം പിന്നിലാണ് ചൈനയിലെ കൊവിഡ് നിരക്ക്. അതേസമയം മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ചൈനയിലെ കൊവിഡ് കേസുകളുടെ എണ്ണം കൂടുതലാണ്.

ചൈനീസ് നഗരങ്ങളില്‍ കൊവിഡ് വ്യാപനം കുറയ്ക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടാല്‍ ഉടനടി നടപടിയെടുക്കുന്നുണ്ട്. രാജ്യത്തെ സിയാന്‍ നഗരത്തിലെ രണ്ട് അധികൃതരെ ഇത്തരത്തില്‍ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതാണ് ഇവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണം.

Top