ഗ്ലാസ്‌കോയില്‍ കഠാര ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു; ആക്രമിയെ പൊലീസ് വെടിവച്ചിട്ടു

ലണ്ടന്‍: സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌കോയില്‍ നടന്ന കഠാര ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അക്രമകാരിയെ സ്‌കോട്ടിഷ് പൊലീസ് വെടിവച്ചിട്ടു. സെന്‍ട്രല്‍ ഗ്ലാസ്‌കോയിലെ വെസ്റ്റ് ജോര്‍ജ് സ്ട്രീറ്റിലാണ് സംഭവം നടന്നത്. ഹോട്ടലിന്റെ കോണപ്പടിയില്‍ വച്ചാണ് ആക്രമകാരി കഠാര ആക്രമണം നടത്തിയത്. തുടര്‍ന്ന സ്ഥലത്ത് എത്തിയ പൊലീസ് അക്രമകാരിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

രക്തത്തില്‍ കുളിച്ച നിരവധിപ്പേരെ സംഭവ സ്ഥലത്ത് നിന്നും അടിയന്തരമായി എമര്‍ജന്‍സി സര്‍വീസുകാര്‍ മാറ്റിയിട്ടുണ്ട്. പ്രദേശിക സമയം 12.15നായിരുന്നു സംഭവം അരങ്ങേറിയത്. ഒരു പൊലീസ് ഓഫീസര്‍ക്കും കുത്തേറ്റുവെന്ന് സ്‌കോട്ടിഷ് പൊലീസ് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞവാരം ഇംഗ്ലീഷ് ടൌണായ റീഡിങ്ങില്‍ കഠാരയുമായി യുവാവ് പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങളെ ഭീകരവാദ പ്രവര്‍ത്തനമായി കാണുമെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് വീണ്ടും കഠാര ആക്രമണം ഉണ്ടായത്.

Top