മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ക്ക്‌ പരിക്ക്

കൊച്ചി:മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്.മുനമ്പത്തു നിന്ന് പോയ സില്‍വിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 1.20ന് പൊന്നാനിയോടു ചേര്‍ന്ന് പടിഞ്ഞാറു ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.

സുബല്‍മെയ്തി, സി അറുമുഖം, പാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പറവൂര്‍ അയ്യമ്പിളളി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ബോട്ടിന്റെ മുന്‍ഭാഗത്താണ് കപ്പലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ മുന്‍ വശം തകരുകയും ബോട്ടിലുണ്ടായിരുന്ന 11 പേരും കടലിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. കപ്പലില്‍ ലൈറ്റില്ലാതിരുന്നതിനാല്‍ കപ്പല്‍ അടുത്തെത്തും വരെ കാണാന്‍ സാധിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കപ്പല്‍ നിര്‍ത്താതെ പോയതിനാല്‍ കപ്പല്‍ ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തില്‍ ബോട്ടുടമ കോസ്റ്റല്‍ പൊലീസിനു പരാതി നല്‍കി.

Top