Three Indians included in the list of highest paid CEOs in world

ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള 100 കമ്പനി മേധാവികളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍.

കെമിക്കല്‍ കമ്പനിയായ ലോയ്‌ഡെല്‍ബാസെലിന്റെ ചെയര്‍മാനും സി.ഇ.ഒ.യുമായ ഭവേഷ് പട്ടേല്‍, പെപ്‌സികോ സി.ഇ.ഒ. ഇന്ദ്ര നൂയി, മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. സത്യ നാദെല്ല എന്നിവരാണ് ശമ്പള വരുമാനത്തില്‍ മുന്നിലുള്ള ഇന്ത്യക്കാര്‍.

പട്ടികയില്‍ ആറാം സ്ഥാനത്താണ് ഭവേഷ്. 2.45 കോടി ഡോളറാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പള വരുമാനം. ഏതാണ്ട് 163 കോടി രൂപ വരുമിത്.

കെമിക്കല്‍, പ്ലാസ്റ്റിക് ഉത്പന്ന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോയ്‌ഡെല്‍ബാസെലില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഭവേഷ് 2015 ജനവരിയിലാണ് ചെയര്‍മാനും സി.ഇ.ഒ.യുമായി ഉയര്‍ത്തപ്പെട്ടത്.

പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ദ്ര നൂയിയുടെ വാര്‍ഷിക ശമ്പള വരുമാനം 2.22 കോടി ഡോളറാണ്. അതായത്, 147 കോടി രൂപ. 60കാരിയായ ഇന്ദ്ര തമിഴ്‌നാട് സ്വദേശിയാണ്. ഇപ്പോള്‍ അമേരിക്ക ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇരുപത്തിയാറാം സ്ഥാനത്തുള്ള സത്യ നാദെല്ലയുടെ വാര്‍ഷിക ശമ്പളം 1.83 കോടി ഡോളറാണ്. അതായത്, 121 കോടി രൂപ. 48കാരനായ ഇദ്ദേഹം 2014ലാണ് മൈക്രോസോഫ്റ്റിന്റെ തലപ്പത്തെത്തിയത്.

പട്ടികയില്‍ ഒറാക്കിളിന്റെ മേധാവികളായ മാര്‍ക്ക് ഹര്‍ഡ്, സഫ്ര കാട്‌സ് എന്നിവരാണ് ഒന്നാം സ്ഥാനത്ത്. 5.32 കോടി ഡോളറാണ് ഇവരുടെ ശമ്പളം.

Top