ബ്രിട്ടീഷ് സര്‍ക്കാരില്‍ പ്രീതി പട്ടേലിനെ കൂടാതെ രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി

ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സര്‍ക്കാരില്‍ വീണ്ടും രണ്ട് ഇന്ത്യന്‍ വംശജരെ കൂടി നിയമിച്ചു . ഋഷി സുനാക്, അലോക് ശര്‍മ എന്നിവരെയാണ് ബ്രിട്ടന്റെ പുതിയ സര്‍ക്കാരില്‍ നിയമിച്ചിരിക്കുന്നത്. സുനാകിനെ ചീഫ് സെക്രട്ടറിയായും അലോക് ശര്‍മയെ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായുമായാണ്‌ നിമയമിച്ചിരിക്കുന്നത്.

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവും റിച്ച്മണ്ടിലെ എംപിയുമാണ് ഋഷി സുനാക്. ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗങ്ങളിലടക്കം പങ്കെടുക്കാന്‍ സാധിക്കുന്ന സുപ്രധാന സ്ഥാനമുള്ള പദവിയാണിത്.

ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്ന അലോക് ശര്‍മയ്ക്ക് വിദേശ രാജ്യങ്ങള്‍ക്കുള്ള ബ്രിട്ടന്റെ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചുമതലകളാകും നിര്‍വഹിക്കേണ്ടിവരിക. 2010 മുതല്‍ റീഡിങ് വെസ്റ്റില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അലോക് ശര്‍മ.

അതേസമയം ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. 47കാരിയായ പ്രീതി പട്ടേല്‍ 2016 മുതല്‍ 2017 വരെ ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ രാഷ്ട്രീയനേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് 2017-ല്‍ പ്രീതി സ്ഥാനം രാജിവച്ച് ഒഴിയുകയായിരുന്നു.

ബ്രിട്ടന്റെ 14-ാമത്തെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ചയാണ് അധികാരമേറ്റത്. 1.6 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 66 ശതമാനം വോട്ടുനേടിയാണ് ബോറിസ് ജോണ്‍സണ്‍ വിജയിച്ചത്. ജോണ്‍സണ് 92,153 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയും വിദേശകാര്യസെക്രട്ടറിയുമായ ജെറമി ഹണ്ടിന് 46,656 വോട്ടാണ് ലഭിച്ചത്.

Top