കേസില്‍ മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചു; അലന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതി അലന്‍ ഷുഹൈബ്. താന്‍ മാപ്പുസാക്ഷിയാകില്ലെന്നും അലന്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരത്തെ പരോള്‍ ലഭിച്ച് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു അലന്റെ പ്രതികരണം.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന്‍ ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്. രാവിലെ 10.30-ഓടെ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് അലനെ എത്തിച്ചു. കേസില്‍ മാപ്പ് സാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചുവെന്നും അവര്‍ ഓഫര്‍ വെച്ചുവെന്നും അലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വലിയ പൊലീസ് സന്നാഹത്തോടെ കനത്ത സുരക്ഷയിലാണ് അലനെ കോഴിക്കോട് കൊണ്ടു വന്നത്. ഒന്നരയോടെ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

Top